രവി ശാസ്ത്രിയെ മുഖ്യ പരിശീലകനാക്കിയത് 5 മാനദണ്ഡങ്ങള്‍ കണക്കിലെടുത്തെന്ന് കപില്‍ ദേവ്

By Web TeamFirst Published Aug 17, 2019, 12:26 PM IST
Highlights

ഈ മാനദണ്ഡങ്ങളില്‍ ഏറ്റവും മികച്ചതിന് 20 മാര്‍ക്കും മികച്ചതിന് 10 മാര്‍ക്കും, ശരാശരിക്ക് 10 മാര്‍ക്കും മോശം എന്നാണെങ്കില്‍ അഞ്ച് മാര്‍ക്കുമാണ് നല്‍കിയത്. അഭിമുഖം നടക്കുമ്പോള്‍ ഉപദേശക സമിതി അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തിയല്ല മാര്‍ക്കുകള്‍ നല്‍കിയത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത് പ്രധാനമായും അഞ്ച് മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണെന്ന് ബിസിസിഐ ഉപദേശക സമിതി അധ്യക്ഷന്‍ കപില്‍ ദേവ്. കോച്ചിംഗ് ഫിലോസഫി, പരിശീലകനെന്ന നിലയിലുള്ള പരിചയം, പരിശീലകനെന്ന നിലയിലുള്ള നേട്ടങ്ങള്‍, ആശയവിനിമയശേഷി, ആധുനിക കോച്ചിംഗ് സങ്കേതങ്ങളെക്കുറിച്ചുള്ള അറിവ് എന്നിങ്ങനെ അഞ്ച് കാര്യങ്ങളാണ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കാന്‍ മാനദണ്ഡമാക്കിയതെന്ന് കപില്‍ പറഞ്ഞു.

ഈ മാനദണ്ഡങ്ങളില്‍ ഏറ്റവും മികച്ചതിന് 20 മാര്‍ക്കും മികച്ചതിന് 10 മാര്‍ക്കും, ശരാശരിക്ക് 10 മാര്‍ക്കും മോശം എന്നാണെങ്കില്‍ അഞ്ച് മാര്‍ക്കുമാണ് നല്‍കിയത്. അഭിമുഖം നടക്കുമ്പോള്‍ ഉപദേശക സമിതി അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തിയല്ല മാര്‍ക്കുകള്‍ നല്‍കിയത്. എന്നാല്‍ ആറ് മണിക്കൂര്‍ നീണ്ട അഭിമുഖം പൂര്‍ത്തിയായശേഷം ഓരോരുത്തരും നല്‍കിയ മാര്‍ക്കുകള്‍ കൂട്ടി നോക്കി. പങ്കെടുത്ത അഞ്ചുപേരില്‍ രവി ശാസ്ത്രിക്കാണ് ഏറ്റവുമധികം മാര്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക് ഹെസ്സനും ഒന്നാം സ്ഥാനത്തെത്തിയ രവി ശാസ്ത്രിയും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്നും അത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും കപില്‍ പറഞ്ഞു.

ആശയവിനിമയത്തിലും പരിശീലകനെന്ന നിലയിലുള്ള നേട്ടങ്ങളിലുമാണ് മൂന്നാം സ്ഥാനത്തെത്തിയ ടോം മൂഡിയും രണ്ടാം സ്ഥാനത്തെത്തിയ മൈക് ഹെസ്സനും അല്‍പം പുറകിലായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എന്തൊക്കെ ചെയ്തു ഇനി എന്തൊക്കെ ചെയ്യുമെന്നതായിരുന്നു ശാസ്ത്രിയുടെ പ്രസന്റേഷന്റെ ഊന്നലെന്നും കപില്‍ പറഞ്ഞു. നിലവിലെ സിസ്റ്റവുമായും കളിക്കാരുമായും ഇഴുകിച്ചേര്‍ന്ന ശാസ്ത്രിയെ സംബന്ധിച്ചിടത്തോളം കളിക്കാരുമായുള്ള ആശയവിനിമയം എളുപ്പമുള്ള കാര്യമാണ്. കളിക്കാരെ നല്ലപോലെ മനസിലാക്കാനുമാവും. എന്നാല്‍ പുതിയ ഒരാള്‍ക്ക് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരുമെന്നതും പ്രധാനഘടകമായെന്ന് ഉപദേശക സമിതിയിലെ മറ്റൊരു അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദും വ്യക്തമാക്കി.

click me!