അങ്ങനെ ചെയ്യുന്നത് ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ താരങ്ങളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി കപില്‍

By Web TeamFirst Published Jul 4, 2021, 9:15 PM IST
Highlights

ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റമെന്ന് വിമര്‍ശനം ഉയര്‍ന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട പൃഥ്വി ഷായെ തിരിച്ചുവിളിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ദില്ലി: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോെട ഇന്ത്യന്‍ ടീമില്‍ വ്യാപകമായ മാറ്റങ്ങളുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിലൊന്നാണ് ഓപ്പണിംഗ് സ്ഥാനം. ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റമെന്ന് വിമര്‍ശനം ഉയര്‍ന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട പൃഥ്വി ഷായെ തിരിച്ചുവിളിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരം കപില്‍ ദേവ്. മറ്റൊരു ഓപ്പണറെ ഇംഗ്ലണ്ടിലേക്ക് വിളിച്ചുവരുത്തുന്നത് നിലവില്‍ ടീമിനൊപ്പമുള്ള ഓപ്പണര്‍മാരെ അപമാനിക്കുന്നത് തുല്യമാണെനനാണ് കപില്‍ പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''മറ്റൊരു ഓപ്പണറെ ഇംഗ്ലണ്ടിലേക്ക വിളിച്ചുവരുത്തേണ്ടതില്ലെന്നാണ് ഞാന്‍ കരുതുന്നത്. സെലക്റ്റര്‍മാര്‍ ഇക്കാര്യത്തില്‍ പക്വത കാണിക്കണം. ക്യാപ്റ്റന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവരോട് ആലോചിക്കാതെ സെലക്റ്റര്‍മാര്‍ ഒരു തീരുമാനമെടുക്കരുത്. 

കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മികച്ച ഓപ്പണര്‍മാരാണ്. എന്തിനാണ് മൂന്നാമത് ഒരു ഓപ്പണറെ വീട്ടിലേക്ക് വിളിപ്പിക്കുന്നത്. അതു ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി അങ്ങനെ ചെയ്താല്‍ തന്നെ അത് നിലവില്‍ ഇംഗ്ലണ്ടിലുള്ള ഓപ്പണര്‍മാരോട് ചെയ്യുന്ന നീതികേടാണ്. ടീമിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ടവരാണ് കളിക്കേണ്ടത്.'' കപില്‍ വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 28 റണ്‍സാണ് ഗില്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സിനും ഗില്‍ പുറത്തായി. നേരത്തെ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും ഗില്‍ മോശം ഫോമിലായിരുന്നു.

click me!