തകർത്താടി കാര്‍ത്തിക് ശര്‍മ, നിരാശപ്പെടുത്തി സഞ്ജുവും റുതുരാജും, ലക്നൗവിനെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍

Published : May 15, 2026, 09:38 PM IST
Kartik Sharma

Synopsis

എട്ടാം ഓവറില്‍ 52-3 എന്ന സ്കോറില്‍ പതറിയ ചെന്നൈയെ ഒമ്പതാം വിക്കറ്റില്‍ കാര്‍ത്തിക് ശര്‍മയും-ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് 44 പന്തില്‍ 70 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി.

ലക്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ യുവതാരം കാര്‍ത്തിക് ശര്‍മയുടെ അര്‍ധസെഞ്ചുറി മികവിൽ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 42 പന്തില്‍ 71 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. തകര്‍പ്പന്‍ ഫിനിഷിംഗുമായി ശിവം ദുബെ 16 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 16 പന്തില്‍ 25 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ 20 പന്തില്‍ 20 റണ്‍സും നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് 9 പന്തില്‍ 13 റണ്‍സുമെടുത്ത് നിരാശപ്പെടുത്തി.

തകര്‍പ്പൻ തുടക്കം, പിന്നെ പതറി

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് സഞ്ജു സാംസണും റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ 3 ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജുവിന് പിന്നീട് പക്ഷെ അടിതെറ്റി. പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചപ്പോള്‍ യുവ പേസര്‍ ആകാശ് മഹാരാജ് സിംഗ് റുതുരാജിനെയും സഞ്ജുവിനെയും ബൗണ്‍സ് കൊണ്ട് ബുദ്ധിമുട്ടിച്ചു. ആദ്യ രണ്ടോവറില്‍ 20 റണ്‍സെടുത്ത ചെന്നൈക്ക് പിന്നീട് ആ വേഗത നിലനിര്‍ത്താനായില്ല. മുഹമ്മദ് ഷമിയെറിഞ്ഞ മൂന്നാം ഓവറില്‍ 5 റണ്‍സ് മാത്രമാണ് സഞ്ജുവിനും റുതുരാജിനും നേടാനായത്. ആകാശ് സിംഗ് എറിഞ്ഞ നാലാം ഓവറില്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് മടങ്ങി. പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറില്‍ 3 റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. ഒടുവില്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ആകാശ് സിംഗിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ സഞ്ജുവും മടങ്ങിയതോടെ ചെന്നൈയുടെ പവര്‍ പ്ലേ 37-2ല്‍ ഒതുങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ രണ്ട് ബൗണ്ടറികള്‍ നേടി ഊര്‍വില്‍ പട്ടേലും കാര്‍ത്തിക് ശര്‍മയും പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. എട്ടാം ഓവറില്‍ ആകാശ് സിംഗ് ഊര്‍വില്‍ പട്ടേലിനെ(7 പന്തില്‍ 6) ചെന്നൈക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചു.

 

രക്ഷകരായി ബ്രെവിസും കാര്‍ത്തിക് ശര്‍മയും

എട്ടാം ഓവറില്‍ 52-3 എന്ന സ്കോറില്‍ പതറിയ ചെന്നൈയെ ഒമ്പതാം വിക്കറ്റില്‍ കാര്‍ത്തിക് ശര്‍മയും-ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് 44 പന്തില്‍ 70 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി. ഇരുവരും ചേര്‍ന്ന് പതിമൂന്നാം ഓവറില്‍ ചെന്നൈയെ 100 കടത്തി. മുഹമ്മദ് ഷമിയെ സിക്സ് പറത്തി കാര്‍ത്തിക് ശര്‍മ 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബ്രെവിസിനെ മടക്കി മുഹമ്മദ് ഷമി ചെന്നൈക്ക് വീണ്ടും കനത്ത പ്രഹരമേല്‍പ്പിച്ചു. ഷഹബാസ് അഹമ്മദ് എറിഞ്ഞ പതിനറാം ഓവറില്‍ 15 റണ്‍സടിച്ച കാര്‍ത്തിക് ശര്‍മ അവസാന പന്തില്‍ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി.

 

പ്രിന്‍സ് യാദവ് എറിഞ്ഞ പതിനേഴാം ഓവറില്‍ 7 റണ്‍സ് എടുക്കാനെ പ്രശാന്ത് വീറിനും ശിവം ദുബെക്കുമായുള്ളു. മായങ്ക് യാദവ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 4 റണ്‍സും മുഹമ്മദ് ഷമി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 11 റണ്‍സും മാത്രമെടുത്ത ചെന്നൈ പക്ഷെ പ്രിന്‍സ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സടിച്ച് മികച്ച സ്കോറിലെത്തി. ലക്നൗവിനായി ആകാശ് മഹാരാജ് സിംഗ് നാലോവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ജീവന്‍മരണപ്പോരിൽ ലക്നൗവിനെതിരെ ചെന്നൈക്ക് ടോസ് നഷ്ടം, ഇരു ടീമീലും നിര്‍ണായക മാറ്റം
ഖലീൽ അഹമ്മദിന്‍റെ പകരക്കാരനായി കുൽദിപ് യാദവ് ചെന്നൈയിലേക്ക്; തുഷാരയ്ക്ക് പകരം റിച്ചാർഡ് ഗ്ലീസൺ ആർസിബിയിൽ