- Home
- Sports
- Cricket
- കാത്തിരിപ്പ് കഴിഞ്ഞു, വൈഭവിന് അരങ്ങേറ്റം, പുറത്താകുക സഞ്ജുവോ കിഷനോ, രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ
കാത്തിരിപ്പ് കഴിഞ്ഞു, വൈഭവിന് അരങ്ങേറ്റം, പുറത്താകുക സഞ്ജുവോ കിഷനോ, രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20യിൽ വൈഭവ് സൂര്യവംശി അരങ്ങേറി ചരിത്രം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരുടെ മോശം ഫോം ടീം സെലക്ഷനിൽ തലവേദനയാകുമ്പോൾ, അഭിഷേക് ശർമ്മയും സ്ഥാനം നിലനിർത്തുമെന്നുറപ്പാണ്.

ചരിത്രം തിരുത്തുമോ വൈഭവ്
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുമ്പോള്‍ വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറി ചരിത്രം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഇന്ത്യക്കായി അരങ്ങേറുന്ന(പുരുഷ-വനിതാ ക്രിക്കറ്റില്‍) ഏറ്റവും പ്രായം കുറഞ്ഞ താരമാകും വൈഭവ് സൂര്യവംശി.
സഞ്ജുവിന് വീണ്ടും അവസരം
അതേസമയം, ലോകകപ്പിലെ താരമായ മലയാളി താരം സഞ്ജു സാംസണെ രണ്ടോ മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ മാത്രം ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന വാദങ്ങളും ശക്തമാണ്. വലംകൈയന്‍ ബാറ്ററാണെന്നതും വൈഭവ് അരങ്ങേറിയാല്‍ ടോപ് ത്രീയില്‍ മൂന്ന് ഇടം കൈയന്‍മാരെന്ന പ്രതിസന്ധി നേരിടേണ്ടിവരുമെന്നതും ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നു.
കിഷനും തിളങ്ങിയിട്ടില്ല
ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും മൂന്നാം നമ്പറിലിറങ്ങുന്ന ഇഷാന്‍ കിഷനും തിളങ്ങാനായിട്ടില്ല. അവസാന രണ്ട് മത്സരങ്ങളിലിം ഇഷാന്‍ കിഷന്‍ റണ്ണൗട്ടാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷനെ പുറത്തിരുത്തി വൈഭവിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
അഭിഷേകിന് സ്ഥാനം ഉറപ്പ്
അയര്‍ലന്‍ഡിനെതിരായ അവസാന ടി20യില്‍ തിളങ്ങിയ അഭിഷേക് ശര്‍മ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരെ മഴ മൂലം ഉപേക്ഷിച്ച ആദ്യ ടി20യിലും അഭിഷേക് അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു.
തിലകിന്‍റെ ഫിനിഷിംഗ് പോരാ
അയര്‍ലന്‍ഡിനെതിരെ അഞ്ചാം നമ്പറിലിറങ്ങി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ടിനെതിരെ തിലക് വര്‍മ വീണ്ടും നിരാശപ്പെടുത്തി. 13 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായ തിലകിന്‍റെ ബാറ്റിംഗിലെ ഏകദിന ശൈലിയിലുള്ള ബാറ്റിംഗും ഇന്ത്യക്ക് തലവേദനയാണ്.
ദുബെ തുടരും
ആദ്യ മത്സരത്തില്‍ തകര്‍പ്പൻ ഫിനിഷിംഗിലൂടെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കിയ ശിവം ദുബെ രണ്ടാം മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ തുടരും. ഇതോടെ സൂര്യാഷ് ഷെഡ്ഗെ ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും.
ബൗളിംഗ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല
ആദ്യ ടി20യില്‍ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങിയ ഇന്ത്യ ഓള്‍ഡ് ട്രാഫോര്‍ഡിലും ബൗളിംഗ് നിരയിൽ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗുമാകും പേസ് നിരയെ നയിക്കുക.
മത്സരം എപ്പോൾ, ഇന്ത്യൻ സമയം, എവിടെ കാണാം
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരത്തിന് വേദിയാവുന്നത്. ആദ്യ മത്സരം ഇന്ത്യൻ സമയം 10 മണിക്കായിരുന്നെങ്കില്‍ രണ്ടാം മത്സരം ഇന്ത്യൻ സമയം 7 മണിക്കാണ്. ഇന്ത്യയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
സഞ്ജു സാംസൺ/വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!