ദൃശ്യമാധ്യമങ്ങളിലെ സമഗ്ര കവറേജിന് ഏഷ്യാനെറ്റ് ന്യൂസും, അച്ചടി മാധ്യമങ്ങളിലെ സമഗ്ര കവറേജിന് കേരള കൗമുദിയും പുരസ്കാരം നേടി. ഓൺലൈൻ കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും മാതൃഭൂമി ഓൺലൈനും പങ്കിട്ടു. ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്റെ ശ്രാവൺ കൃഷ്ണ പി.കെയ്ക്ക് ലഭിച്ചു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കെ.സി.എല്ലിന്റെ പ്രഥമ മീഡിയ അവാർഡുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമങ്ങളിലെ സമഗ്ര കവറേജിനുള്ള അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് അർഹരായി. ഡിജിറ്റൽ മാധ്യമരംഗത്ത് മികച്ച ഓൺലൈൻ കവറേജിനുള്ള പുരസ്കാരവും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനാണ്. ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്റെ ശ്രാവൺ കൃഷ്ണ പി.കെയ്ക്ക് ലഭിച്ചു. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച സ്പോർട്സ് മാധ്യമപ്രവർത്തകർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.
അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരത്തിന് രാകേഷ് കെ. നായർ ( മാതൃഭൂമി), അനീഷ് ജി. നായർ ( മലയാള മനോരമ), അനിരു അശോകൻ ( മാധ്യമം) എന്നിവർ അർഹരായി. 50,000 രൂപ വീതമാണ് ഇവർക്ക് ലഭിക്കുക. ഈ വിഭാഗത്തിൽ അൻസർ രാജ് (കേരളകൗമുദി) പ്രത്യേക പരാമർശം (25,000 രൂപ) നേടി.
ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് ശ്രാവൺ കൃഷ്ണ പി.കെ ( ഏഷ്യാനെറ്റ് ന്യൂസ് ), മഹേഷ് പോലൂർ ( മീഡിയ വൺ ), ടി.എസ് ഹരികൃഷ്ണ ( മാതൃഭൂമി ന്യൂസ് ) എന്നിവർ പങ്കിട്ടു. 50,000 രൂപ വീതമാണ് ഇവരുടെ പുരസ്കാരത്തുക. ഈ വിഭാഗത്തിൽ എൻ.കെ ഗിരീഷിനാണ് ( മനോരമ ന്യൂസ് ) പ്രത്യേക പരാമർശം (25,000 രൂപ). മികച്ച സ്പോർട്സ് പ്രോഗ്രാമിനുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ ടി.എസ് ഹരികൃഷ്ണയ്ക്ക് (25,000 രൂപ) കേരള ക്രിക്കറ്റിൻ്റെ കളിമുറ്റങ്ങൾ എന്ന പരിപാടിക്കാണ് അവാർഡ്. ദൃശ്യമാധ്യമങ്ങളിലെ സമഗ്ര കവറേജിനുള്ള അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് അർഹരായി. മികച്ച സ്പെഷ്യൽ സ്റ്റോറിക്കുള്ള അച്ചടി മാധ്യമ വിഭാഗത്തിലെ അവാർഡ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അശ്വിൻ അശോക് കുമാർ (25,000 രൂപ) നേടി. ദി ഹിന്ദുവിലെ എം.ആർ പ്രവീൺ ചന്ദ്രനും പ്രത്യേക പരാമർശത്തിന് (25,000 രൂപ) അർഹനായി.
മികച്ച തലക്കെട്ടിനുള്ള പുരസ്കാരം (15,000 രൂപ) ദീപികയ്ക്കും സമഗ്ര കവറേജിനുള്ള പുരസ്കാരം കേരള കൗമുദിയും കരസ്ഥമാക്കി.കൂടാതെ മികച്ച ഫോട്ടോ ജേർണലിസ്റ്റിനുള്ള പുരസ്കാരത്തിന് മലയാള മനോരമയിലെ ശ്രീലക്ഷ്മി ശിവദാസും (25,000 രൂപ) അർഹയായി. ഡിജിറ്റൽ മാധ്യമരംഗത്ത് മികച്ച ഓൺലൈൻ കവറേജിനുള്ള പുരസ്കാരം മാതൃഭൂമി ഓൺലൈനും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും പങ്കിട്ടു. ഇരുവർക്കും 25,000 രൂപ വീതം പുരസ്കാരമായി ലഭിക്കും. പുരസ്കാരങ്ങൾ ജൂലൈ എട്ടിന് വൈകുന്നേരം കോവളത്തെ ദി ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന കെസിഎൽ മീഡിയ അവാർഡ് നൈറ്റിൽ വിതരണം ചെയ്യും.ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.



