
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായരുടെയും അര്‍ധസെഞ്ചുറികള്‍ നേടിയ കൃഷ്ണന്‍ ശ്രീജിത്ത്, സ്മരണ്‍ രവിചന്ദ്രന്‍ എന്നിവരുടെയും ബാറ്റിംഗ് കരുത്തില്‍ കേരളത്തിനെതിരെ കര്‍ണാടക ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കര്‍ണാടക ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന് നിലയിലാണ്. 142 റണ്‍സോടെ കരുണ്‍ നായരും 88 റണ്‍സുമായി സ്മരണ്‍ രവിചന്ദ്രനും ക്രീസില്‍. തുടക്കത്തില്‍ 13-2 എന്ന നിലയില്‍ പതറിയശേഷമാണ് കര്‍ണാടകയുടെ ശക്തമായ തിരിച്ചുവരവ്. കേരളത്തിനായി എം ഡി നിധീഷും നെടുംങ്കുഴി ബേസിലും ബാബാ അപരാജിതും ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ കര്‍ണാടകക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്. അഞ്ചാം ഓവറില്‍ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിനെ(5) ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ച് എം ഡി നിധീഷാണ് കര്‍ണാടകയെ ഞെട്ടിച്ചത്. തൊട്ടുപിന്നാലെ കെ വി അനീഷിനെ(8)യും അസറുദ്ദീന്‍റെ കൈകളിലെത്തിച്ച എന്‍ പി ബേസില്‍ കര്‍ണാടകടെ 13-2ലേക്ക് തള്ളിയിട്ട് കേരളത്തിന് ആശിച്ച തുടക്കം നല്‍കി. എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചക്കുശേഷം തിരിച്ചടിച്ച കര്‍ണാടക മൂന്നാം വിക്കറ്റില്‍ 123 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി തിരിച്ചടിച്ചു. അര്‍ധസെഞ്ചുറി നേടിയ ശ്രീജിത്തിനെ ബാബാ അപരാജിത് പുറത്താക്കിയെങ്കിലും സ്മരണ്‍ രവിചന്ദ്രനൊപ്പവും 183 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തികരുണ്‍ നായർ കേരളത്തിന്‍റെ പ്രതീക്ഷ തകര്‍ത്തു.
കരുണിന്‍റെ 26-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. 161 പന്തില്‍ സീസണിലെ രണ്ടാം സെഞ്ചുറിയിലെത്തിയ കരുണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നേട്ടവും സ്വന്തമാക്കി. 10 ഫോറും രണ്ട് സിക്സും പറത്തിയാണ് കരുണ്‍ മൂന്നക്കം കടന്നത്. കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ കരുണ്‍ പുറത്താകാതെ 174 റൺസടിച്ച് തിളങ്ങിയിരുന്നു. സൗരാഷ്ട്രക്കെതിരെ ആദ്യ മത്സരത്തില്‍ കരുണ്‍ അര്‍ധസെഞ്ചുറിയും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കായി കരുണ്‍ നേടിയ സെഞ്ചുറിയാണ് കേരളത്തിന്‍റെ കന്നി കീരീട മോഹങ്ങള്‍ തകര്‍ത്തത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി നാലു ടെസ്റ്റില്‍ കളിച്ച കരുണിന് ഫോമിലാവാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കരുണിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കര്‍ണാടകക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കരുണ്‍. രാഹുല്‍ ദ്രാവിഡ്, ഗുണ്ടപ്പ വിശ്വനാഥ്. ബ്രിജേഷ് പട്ടേല്‍, സയ്യിദ് കിര്‍മാനി, റോബിന്‍ ഉത്തപ്പ എന്നിവരാണ് കരുണിന്‍റെ മുന്‍ഗാമികള്‍.
നേരത്തെ കേരളത്തിനെതിരെ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമാണിത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് കേരളം ഇന്നിറങ്ങുന്നത്. കൃഷ്ണപ്രാസാദും രോഹന്‍ കുന്നുമ്മലും ഷോണ്‍ റോജറും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്‍മാന്‍ നിസാര്‍ എന്നിവര്‍ പുറത്തായി.
മഹാരാഷ്ട്രക്കെതിരായ ആദ്യ മത്സരത്തിലും പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിലും ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കേരളത്തിന് സമനില നേടാനെ കഴിഞ്ഞിരുന്നുള്ളു. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്‍റ് മാത്രമാണ് കേരളത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!