യുവ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ, ക്രിസ് ഗെയ്‌ലിനേക്കാള്‍ മികച്ച ആക്രമണകാരിയായ ബാറ്റര്‍ എന്ന് വിശേഷിപ്പിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്.
ദില്ലി: യുവ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ക്രിസ് ഗെയ്ലിനോട് ഉപമിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലെ അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് കൈഫിന്റെ നിരീക്ഷണം. ഗെയ്ലിനെപ്പോലും മറികടക്കുന്ന ആക്രമണശൈലിയാണ് അഭിഷേകിന്റേതെന്ന് കൈഫ് അഭിപ്രായപ്പെട്ടു. പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലുള്ള അഭിഷേക്, മൂന്ന് മത്സരങ്ങളില്‍ നിന്ന് 152 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 76.00 ശരാശരിയിലും 271.43 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് അടിച്ചുകൂട്ടുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് അഭിഷേകിന്റെ ബാറ്റിംഗ് ശൈലിയെ വിശകലനം ചെയ്തത്. സാധാരണയായി ഇത്രയും ആക്രമണകാരികളായ ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്താറില്ലെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ''ക്രിസ് ഗെയ്ല്‍ പോലും ക്രീസില്‍ സെറ്റാകാന്‍ സമയം എടുക്കാറുണ്ടായിരുന്നു. ബാംഗ്ലൂര്‍ പോലുള്ള പിച്ച് ആണെങ്കില്‍ ആദ്യ ഓവര്‍ മെയ്ഡന്‍ കളിക്കാന്‍ പോലും അദ്ദേഹം മടിക്കില്ല. എന്നാല്‍ അഭിഷേക് അങ്ങനെയല്ല. ആദ്യ പന്ത് മുതല്‍ താരം ആക്രമണം തുടങ്ങുന്നു.'' കൈഫ് പറഞ്ഞു.
12-14 പന്തുകള്‍ മാത്രം നേരിട്ടാലും 60-70 റണ്‍സ് നേടി മത്സരത്തിന്റെ ഗതി മാറ്റാന്‍ അഭിഷേകിന് കഴിയുന്നുണ്ടെന്നും, ഇത്തരം താരങ്ങള്‍ ഇന്ത്യയുടെ വിജയം ഉറപ്പാക്കുന്നവരാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. മൂന്നാം ടി20യില്‍ വെറും 14 പന്തിലാണ് അഭിഷേക് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. യുവരാജ് സിംഗിന്റെ 12 പന്തിലെ ഫിഫ്റ്റി എന്ന റെക്കോര്‍ഡിന് തൊട്ടരികിലായിരുന്നു ഈ പ്രകടനം. മത്സരത്തില്‍ 20 പന്തില്‍ 68 റണ്‍സുമായി താരം പുറത്താകാതെ നിന്നു. ഏഴ് ഫോറുകളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെട്ട ഇന്നിംഗ്സിന്റെ സ്ട്രൈക്ക് റേറ്റ് 340 ആയിരുന്നു. നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം (26 പന്തില്‍ 57) ചേര്‍ന്ന് വെറും 10 ഓവറില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അഭിഷേകിന് സാധിച്ചു.
25 വയസ്സുകാരനായ അഭിഷേക് ഇതിനോടകം 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 1,267 റണ്‍സാണ് സമ്പാദ്യം. ശരാശരി: 38.39, സ്ട്രൈക്ക് റേറ്റ്: 195.22. രണട്് സെഞ്ചുറികളും എട്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

