കെസിഎല്‍ സീസണ്‍ 3 ടീം ലോഞ്ച് തിങ്കളാഴ്ച്ച; ആവേശം പകരാന്‍ സഞ്ജു സാംസണും

Published : Aug 15, 2026, 06:49 PM IST
KCL Champions Kochi Blue Tigers

Synopsis

കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍ 3-യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ആറ് ഫ്രാഞ്ചൈസികളെയും അവതരിപ്പിക്കും.

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും. കോവളം ഹോട്ടല്‍ ലീല റാവിസില്‍ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥും ഇന്ത്യന്‍ ക്രിക്കറ്റ് താരവും കെസിഎല്‍ ഐക്കണുമായ സഞ്ജു സാംസണും മുഖ്യാതിഥികളാകും. കെസിഎല്‍ മൂന്നാം സീസണില്‍ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ചടങ്ങില്‍ ഔദ്യോഗികമായി അവതരിപ്പിക്കും.

ഇതിനുപുറമെ, ടീം ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ എന്നിവരെയും പരിചയപ്പെടുത്തും. തുടര്‍ന്ന് പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരാവത്തിന്റെ മെന്റലിസം പ്രോഗ്രാമും അരങ്ങേറും. വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാന്‍ മികച്ചൊരു പ്ലാറ്റ്ഫോം നല്‍കി അവരുടെ മൂല്യം വര്‍ധിപ്പിക്കാന്‍ സാധിച്ചു എന്നതാണ് കേരള ക്രിക്കറ്റ് ലീഗിന്റെ പ്രധാന നേട്ടം. കേരളത്തില്‍ സമ്പൂര്‍ണ ക്രിക്കറ്റ് ഇക്കോസിസ്റ്റം രൂപീകരിക്കുകയാണ് കെസിഎല്ലിലൂടെ കെസിഎ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി കെസിഎല്ലിന്റെ കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളും കെസിഎ വിഭാവനം ചെയ്യുന്നുണ്ട്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 20 ന് മൂന്നാം സീസണിന് തുടക്കമാകും. 17 ദിവസം നീളുന്ന ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനല്‍ സെപ്റ്റംബര്‍ അഞ്ചിനാണ്. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് എന്നീ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്.

20-ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ആദ്യ പോരാട്ടം. അന്ന് രാത്രി 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഏരീസ് കൊല്ലം സെയ്ലേഴ്സാണ് എതിരാളികള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെസിഎല്ലിലെ കരുത്തുറ്റ ഓള്‍റൗണ്ട് നിര; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും
ദേവ്ദത്തിന് സെഞ്ചുറി, ഗില്‍ നിരാശപ്പെടുത്തി; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്