
ഹാമില്‍ട്ടണ്‍: മൂന്ന് വര്‍ഷത്തോളം നീണ്ട നാലാം നമ്പര്‍ തലവേദനയ്‌ക്ക് ടീം ഇന്ത്യ ഏകദേശ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. ഏകദിന ലോകകപ്പിന് ശേഷം നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് തുടരുന്നത്. ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടി നാലാം നമ്പറിന്‍റെ അവകാശി താനാണെന്ന് ശ്രേയസ് ആവര്‍ത്തിച്ചുപറഞ്ഞു.
എന്നാല്‍ ഏകദിനത്തില്‍ ബാറ്റിംഗ് ക്രമത്തില്‍ മറ്റൊരു തലവേദന ടീം ഇന്ത്യക്ക് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഹാമില്‍ട്ടണില്‍ പ്ലേയിംഗ് ഇലവനില്‍ കേദാര്‍ ജാദവ് തിരിച്ചെത്തിയതോടെയാണ് പോരാട്ടം മുറുകിയത്. ശ്രേയസ് അയ്യര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ താരം 15 പന്തില്‍ പുറത്താകാതെ 26 റണ്‍സെടുത്തിരുന്നു.
മറക്കണ്ട, ഹാര്‍ദിക് പാണ്ഡ്യ പുറത്തുണ്ട്
പരിക്കേറ്റ് വിശ്രമത്തിലുള്ള ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ നേരിട്ട് ആറാം നമ്പറിലെത്തും എന്നാണ് അനുമാനം. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി പാണ്ഡ്യയില്ലാത്ത ഒരു പദ്ധതിക്ക് ടീം ഇന്ത്യ മുതിര്‍ന്നേക്കില്ല. ഇതോടെ പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ മുപ്പത്തിയഞ്ചുകാരനായ കേദാറിന്‍റെ ഭാവിയെന്താകുമെന്ന് കണ്ടറിയണം. ലോകകപ്പിന് ശേഷം അത്ര നിരാശപ്പെടുത്താത്ത താരങ്ങളിലൊരാളാണ് കേദാര്‍ ജാദവ്. അടുത്ത ഏകദിന ലോകകപ്പ് വരെ കേദാര്‍ ടീമില്‍ തുടരാന്‍ സാധ്യതകള്‍ വിരളവും.
ടി20 പ്രകടനങ്ങള്‍ ഏകദിനത്തില്‍ മനീഷ് പാണ്ഡെയെ തുണയ്‌ക്കുമോ
മുപ്പതുകാരനായ മനീഷ് പാണ്ഡെയാണ് ആറാം നമ്പറിനായി അവകാശവാദമുന്നയിക്കുന്ന മറ്റൊരു താരം. 2019 ലോകകപ്പിന് ശേഷം ലഭിച്ച ചുരുക്കം അവസരങ്ങളില്‍ ടി20യില്‍ മികച്ച പ്രകടനമാണ് പാണ്ഡെ പുറത്തെടുത്തത്. 145.68 ശരാശരിയില്‍ ഇക്കാലയളവില്‍ ബാറ്റ് ചെയ്ത പാണ്ഡെക്ക് 84.50 ബാറ്റിംഗ് ശരാശരിയുണ്ട്. ഈ മികവാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ട് ഏകദിനങ്ങളില്‍ കേദാറിന് മറികടന്ന് മനീഷിന് അവസരം നല്‍കാന്‍ ടീമിനെ പ്രേരിപ്പിച്ചത്.
എന്നാല്‍ കിവികള്‍ക്കെതിരെ മനീഷ് പാണ്ഡെയെ മാറ്റി വീണ്ടും കേദാറിന് അവസരം നല്‍കി ടീം ഇന്ത്യ. ടീമില്‍ ബാറ്റിംഗ് പരീക്ഷണങ്ങള്‍ തുടരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേദാറിനെയും പാണ്ഡെയെയും മറികടന്ന് ടീമിലെത്താന്‍ ശിവം ദുബെ നന്നായി വിയര്‍ക്കേണ്ടിവരും. ഈ നാലുപേരും ലഭിക്കുന്ന അവസരങ്ങളില്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ സ്ഥാനം ടീമിന് പുറത്താകും. ലോകകപ്പ് ടീം പ്രവേശനവും സ്വപ്‌നം മാത്രമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!