
19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയില്‍ ഹരിയാനയെ തോല്പിച്ച് കേരളം. മഴയെ തുടര്‍ന്ന് 20 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 17 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 19.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ സംഗീത് സാഗറിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ കെ ആര്‍ രോഹിതിന്റെ കൂറ്റന്‍ ഷോട്ടുകള്‍ കേരളത്തിന് വേഗതയാര്‍ന്ന തുടക്കം നല്കി. വെറും പത്ത് പന്തുകളില്‍ നാല് സിക്‌സടക്കം 26 റണ്‍സ് നേടി രോഹിത് മടങ്ങി. 22 പന്തുകളില്‍ 23 റണ്‍സ് നേടിയ ജോബിന്‍ ജോബിയും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഇമ്രാന്‍ അഷ്‌റഫും ക്യാപ്റ്റന്‍ മാനവ് കൃഷ്ണയും 12 റണ്‍സ് വീതം നേടി മടങ്ങി. എന്നാല്‍ അമയ് മനോജും മാധവ് കൃഷ്ണയും ചേര്‍ന്ന 54 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തിന് മെച്ചപ്പെട്ടൊരു സ്‌കോര്‍ സമ്മാനിച്ചു. അമയ് 26ഉം മാധവ് 29ഉം റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീതം നേടിയ ആരവ് ഗുപ്തയും കനിഷ്‌ക് ചൌഹാനുമാണ് ഹരിയാന ബൌളിങ് നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഒരു ഘട്ടത്തിലും മികച്ച ബാറ്റിങ് കാഴ്ച വയ്ക്കാനായില്ല. നാല് വിക്കറ്റുമായി ഹരിയാനയുടെ മധ്യനിരയെ തകര്‍ത്തെറിഞ്ഞ തോമസ് മാത്യുവിന്റെ ബൌളിങ് മികവ് കളി കേരളത്തിന്റെ വരുതിയിലാക്കി. 37 റണ്‍സെടുത്ത കനിഷ്‌ക് ചൌഹാനാണ് വലിയൊരു നാണക്കേടില്‍ നിന്ന് ഹരിയാനയെ രക്ഷിച്ചത്. കേരളത്തിന് വേണ്ടി ജോബിന്‍ ജോബി മൂന്ന് വിക്കറ്റും വീഴ്ത്തി. ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഇന്നത്തേത്.