
ലഖ്‌നൗ: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം. ആന്ധ്രയെ 37 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ടൂര്‍ണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.3 ഓവറില്‍ 174 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയുടെ പോരാട്ടം 39.2 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. കേരളം - 48.3 ഓവറില്‍ 174/10, ആന്ധ്ര - 39.2 ഓവറില്‍ 137/10,
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 26 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ കെ.ആര്‍. രോഹിതിന്റെയും (7) സംഗീത് സാഗറിന്റെയും (16) വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്നെത്തിയ മാനവ് കൃഷ്ണ 11 റണ്‍സെടുത്ത് നില്‍ക്കെ റണ്ണൗട്ടായി. നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹൃഷികേശും അമയ് മനോജും ചേര്‍ന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. അമയ് മനോജ് 31 റണ്‍സെടുത്ത് റണ്ണൗട്ടായപ്പോള്‍ തോമസ് മാത്യുവും ജയ്‌ദേവ് നായരും ഇഷാന്‍ കുനാലും അക്കൗണ്ട് തുറക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ ഹൃഷികേശും ലെറോയ് ജോക്വിം ഷിബുവും ചേര്‍ന്നാണ് കേരളത്തിന്റെ സ്‌കോര്‍ 174ല്‍ എത്തിച്ചത്. ഹൃഷികേശ് 61 ഉം ലെറോയ് 38 ഉം റണ്‍സെടുത്തു. ആന്ധ്രയ്ക്ക് വേണ്ടി സായ് ചരണ്‍ നാലും രാജേഷ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ദേവപ്രമോദും മനു ദര്‍ശനും ചേര്‍ന്നുള്ള 52 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ആന്ധ്രയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 38 റണ്‍സെടുത്ത ദേവപ്രമോദിനെ പുറത്താക്കി തോമസ് മാത്യു കേരളത്തിന് വിജയത്തിലേക്കുള്ള വഴിതുറന്നു. 35 റണ്‍സെടുത്ത മനു ദര്‍ശന്‍ കൂടി മടങ്ങിയതോടെ കളി കേരളത്തിന്റെ വരുതിയിലായി. തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 39.2 ഓവറില്‍ 137 റണ്‍സിന് ആന്ധ്ര ഓള്‍ ഔട്ടായി. കേരളത്തിന് വേണ്ടി തോമസ് മാത്യു, ആദര്‍ശ് രഞ്ജിത്, അമയ് മനോജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!