
മസ്‌ക്കറ്റ്: ഒമാന്‍ പര്യടനത്തിലെ അവസാന മത്സരത്തിലും കേരളത്തിന് വിജയം. ട്വന്റി-20 മത്സരത്തില്‍ 25 റണ്‍സിനാണ് കേരളം ഒമാനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 18.4 ഓവറില്‍ 190 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെയും രോഹന്‍ നായരുടെയും ഉജ്ജ്വല ബാറ്റിങ്ങും അഖില്‍ സ്‌കറിയയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് കേരളത്തിന് വിജയമൊരുക്കിയത്. കേരളം - 20 ഓവറില്‍ 215/7, ഒമാന്‍ 18.4 ഓവറില്‍ 190
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തില്‍ തന്നെ ഒരു റണ്‍സെടുത്ത ഗോവിന്ദ് ദേവ് പൈയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും രോഹന്‍ നായരും ചേര്‍ന്ന തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് 48 പന്തുകളില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൃഷ്ണപ്രസാദ് 37 പന്തുകളില്‍ ആറ് ഫോറും നാല് സിക്‌സുമടക്കം 63 റണ്‍സെടുത്തു. രോഹന്‍ നായര്‍ 31 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 58 റണ്‍സ് നേടി.
നിഖില്‍ തോട്ടത്ത് 20 പന്തുകളില്‍ നിന്ന് 36 റണ്‍സും അബ്ദുള്‍ ബാസിദ് 12 പന്തുകളില്‍ നിന്ന് 24 റണ്‍സും നേടി. ഏഴ് പന്തുകളില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്ന നിഖില്‍ മുരളീധരന്റെ ഇന്നിങ്‌സും ശ്രദ്ധേയമായി. ഒമാന് വേണ്ടി ജി.എല്‍. യശസ് മൂന്നും ഫര്‍മാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 61 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ സിക്രിയ ഇസ്ലാമും ഉസ്മാന്‍ അഫ്രീദിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഒമാന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സിക്രിയ ഇസ്ലാം 27 പന്തുകളില്‍ നിന്ന് 60-ഉം ഉസ്മാന്‍ അഫ്രീദി 19 പന്തുകളില്‍ നിന്ന് 45-ഉം റണ്‍സ് നേടി. എന്നാല്‍ ഇരുവരെയും പുറത്താക്കി നിഖില്‍ കേരളത്തിന് നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ചപ്പോള്‍, വാലറ്റത്തെ തകര്‍ത്തെറിഞ്ഞ് അഖില്‍ സ്‌കറിയ ടീമിനെ വിജയത്തിലെത്തിച്ചു. അഖില്‍ സ്‌കറിയ അഞ്ചും നിഖില്‍ മുരളീധരനും കാര്‍ത്തിക് ബാലചന്ദ്രനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
പര്യടനത്തിലുടനീളം ഒരേയൊരു മത്സരത്തില്‍ മാത്രമാണ് കേരളം തോല്‍വി വഴങ്ങിയത്. കേരളവും ഒമാനും മുംബൈയും പങ്കെടുത്ത ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിലും കേരളം തന്നെയായിരുന്നു ജേതാക്കള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!