'ദയ കാണിക്കേണ്ട ആവശ്യമില്ല, അടിച്ചങ്ങട് കേറുകതന്നെ'; മുഹമ്മദ് അസ്ഹറുദ്ദീൻ പറയുന്നു

By Web TeamFirst Published Jan 14, 2021, 9:50 AM IST
Highlights

മുഷ്താഖ് അലി ട്വന്റി20യിലെ രണ്ടാംമത്സരത്തില്‍ മുംബൈയെ കേരളം അനായാസം കീഴടക്കിയപ്പോള്‍ 54 പന്തില്‍ 137 റണ്‍സുമായി അസ്ഹറുദ്ദീന്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

മുംബൈ: സെഞ്ച്വറിയേക്കാൾ സന്തോഷം ടീം ജയിച്ചതിലാണെന്ന് കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ. തുടർന്നുള്ള കളികളിലും ജയിച്ച് ഗ്രൂപ്പിൽ നിന്ന് മുന്നേറാനാണ് ടീം ശ്രമിക്കുകയെന്നും താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഷ്താഖ് അലി ട്വന്റി20യിലെ രണ്ടാംമത്സരത്തില്‍ മുംബൈയെ കേരളം അനായാസം കീഴടക്കിയപ്പോള്‍ 54 പന്തില്‍ 137 റണ്‍സുമായി അസ്ഹറുദ്ദീന്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

'ഇനിയങ്ങോട്ട് ദയ കാണിക്കേണ്ടതില്ല'

തീപ്പൊരി ഇന്നിംഗ്‌സിന് ശേഷം അസ്‌ഹറുദ്ദീന്‍റെ ആദ്യ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു. 'സെഞ്ചുറിയില്‍ സന്തോഷമുണ്ട്. അതിലേറെ മാച്ച് ജയിച്ചതിലും ഫിനിഷ് ചെയ്തതിലുമാണ് സന്തോഷം. ആര് എറിയുന്നു എന്നൊന്നും നോക്കിയില്ല. ദയ കാണിക്കേണ്ട ആവശ്യമില്ല. ഇത്രയും കൊല്ലം ക്രിക്കറ്റ് കളിച്ചിട്ട് ആരും ദയ കാണിച്ചിട്ടില്ല. നമ്മുടെ ദിവസമാണെങ്കില്‍ അടിച്ചങ്ങട് കേറുകതന്നെ. കേരളത്തിന്‍റെ ആരായാലും അങ്ങനെയായിരിക്കും. ഇനിയങ്ങോട്ട് ദയയൊന്നുമുണ്ടാവില്ല, പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍. 19-ാം തീയതി വരെ അഞ്ച് മത്സരങ്ങള്‍ നമുക്കുണ്ട്. ഈ ഗ്രൂപ്പില്‍ നിന്ന് ഒരു ടീമേ യോഗ്യത നേടൂകയുള്ളൂ. അത് കേരള ടീമാകണം എന്ന സ്വപ്‌നമേ മനസിലുള്ളൂ. അതിനായാണ് ഇനിയുള്ള ശ്രമങ്ങള്‍. 19-ാം തീയതി വരെ വേറെ സ്വപ്‌നങ്ങളൊന്നുമില്ല' എന്നും അസ്‌ഹറുദ്ദീന്‍ പറഞ്ഞു. 

അസ്‌ഹറുദ്ദീന്‍റെ പ്രതികരണം കാണാം- വീഡിയോ

മുംബൈയുടെ കൊമ്പൊടിച്ച ജയം

വംങ്കഡേയില്‍ വമ്പൻമാരെന്ന് വീമ്പ് പറഞ്ഞ മുംബൈയുടെ കൊമ്പൊടിക്കുകയായിരുന്നു കേരളത്തിന്‍റെ ചുണക്കുട്ടികള്‍. കരുത്തരായ മുംബൈ ഉയര്‍ത്തിയത് 197 റണ്‍സിന്‍റെ വിജയലക്ഷ്യം. എന്നാല്‍ സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും ഒട്ടും ഭയപ്പെടാതെ മുഹമ്മദ് അസ്ഹറുദ്ദീനും റോബിൻ ഉത്തപ്പയും കേരളത്തിന്‍റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം നീക്കി. 

37 പന്തില്‍ സെഞ്ച്വറി തികച്ചു ഇരുപത്തിയാറുകാരനായ മുഹമ്മദ് അസ്ഹറുദ്ദീന്‍. അസര്‍ താണ്ഡവത്തില്‍ 197 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം വെറും 15.5 ഓവറില്‍ കേരളം മറികടന്നു. 23 പന്തില്‍ 33 റണ്‍സെടുത്ത റോബിൻ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സെടുത്ത നായകൻ സഞ്ജു സാംസണും അസ്‍ഹറുദ്ദീന് ഉറച്ച പിന്തുണ നല്‍കി. രണ്ട് റണ്‍സുമായി സച്ചിന്‍ ബേബി, അസ്‌ഹറുദ്ദീനൊപ്പം പുറത്താകാതെ നിന്നു. ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സിലെത്തിയത്. യശ്വസി ജയ്സ്വാള്‍ 40ഉം ആദിത്യ താരെ 42 ഉം റണ്‍സെടുത്തു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 38 റണ്‍സ് നേടി. ശിവം ദുബേ(26), സിദ്ധാര്‍ഥ് ലാഡ്(21), സര്‍ഫ്രാസ് ഖാന്‍(17), എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകാര്‍. കേരളത്തിനായി ജലജ് സക്‌സേനയും കെ എം ആസിഫും മൂന്ന് വീതവും നിതീഷ് ഒരു വിക്കറ്റും നേടി. 

മുംബൈയുടെ വമ്പിന് മറുപടിയുമായി അസറുദ്ദീന്റെ സെഞ്ചുറി; സയിദ് മുഷ്താഖ് അലി ടി20 കേരളത്തിന് രണ്ടാം ജയം

click me!