പേരെടുത്ത മുംബൈ ബൗളര്‍മാരെയടക്കം തലങ്ങും വിലങ്ങും അടിച്ചോടിച്ച് സെഞ്ചുറി നേടിയ കാസര്കോടുകാരന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം വിജയം പേരുലെഴുതിയത്.
മുംബൈ: വമ്പന്‍ സ്കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി ടി20യില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ എട്ട് വിക്കറ്റിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 15.5 ഓവറില്‍ കേരളം മറികടന്നു. പേരെടുത്ത മുംബൈ ബൗളര്‍മാരെയടക്കം തലങ്ങും വിലങ്ങും അടിച്ചോടിച്ച് സെഞ്ചുറി നേടിയ കാസര്കോടുകാരന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം വിജയം പേരുലെഴുതിയത്. ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കേരളത്തിന് എട്ട് പോയിന്റായി. ആദ്യ മത്സത്തില്‍ പോണ്ടിച്ചേരിയെയാണ് കേരളം തോല്‍പ്പിച്ചത്. വെള്ളിയാഴ്ച്ച കേരളം, ദില്ലിയെ നേരിടും.
അസ്ഹര്‍ അടിയോടടി
മികച്ച സ്കോറിന്റെ അനുകൂല്യത്തില്‍ കേരളത്തെ ചുരുട്ടിക്കെട്ടുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പന്തെറിയാന്‍ എത്തിയത്. എന്നാല്‍, മുഹമ്മദ് അസ്ഹറുദ്ദീന്റെ (54 പന്തില്‍ പുറത്താവാതെ 137) യുവവീര്യത്തിന് മുന്നില്‍ ധവാല്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള മുംബൈ ബൗളിംഗ് നിരയുടെ ശൗര്യം കെട്ടടങ്ങുകയായിരുന്നു. പന്തെടുത്ത എല്ലാ മുംബൈ ബൗളര്‍മാരും അസറുദ്ദീന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അസ്ഹറിന് സീനിയര്‍ താരമായ റോബിന് ഉത്തപ്പ (33) എല്ലാ പിന്തുണയും നല്കിയപ്പോള് വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെ കേരളം നൂറ് റണ്‍സ് താണ്ടി.
ഒടുവില്‍ ഉത്തപ്പയെ ഷംസ് മുലാനി എല്‍ബിഡബ്ല്യുവില്‍ കുടുക്കിയപ്പോള്‍ നായകന് സഞ്ജു സാംസണ് ക്രീസിലെത്തി. സഞ്ജുവും അസ്ഹറിന് പിന്തുണ നല്കിയപ്പോള് സ്കോര്‍ അതിവേഗം ഉയര്‍ന്നു. ഇതിനിടെ 37 പന്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന മനോഹരമായ ശതകം അസ്ഹറുദ്ദീന് പേരില്‍ കുറിച്ചു. 12 പന്തില്‍ 22 റണ്‍സെടുത്ത സഞ്ജുവിനെ തുഷാര്‍ ദേശ്പാണ്ഡെ ആദിത്യ താരെയും കൈകളില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കേരളം വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് അധികം സമയം കളയാതെ തന്നെ സച്ചിന് ബേബിക്കൊപ്പം (2) അസ്ഹറുദ്ദീന് മുംബൈയുടെ റണ്‍മല താണ്ടി.
കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി മുംബൈ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ആദിത്യ താരെ (42), യഷസ്വി ജയ്സ്വാള്‍ (40) എന്നിവരുടെ ഇന്നിങ്സാണ് മുംബൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ജലജ് സക്സേനയും കെ എം ആസിഫും കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത എസ് ശ്രീശാന്ത് നിരാശപ്പെടുത്തി. നാല് ഓവര്‍ പൂര്‍ത്തിയാക്കിയ താരം നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. എന്നാല്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല.
തകര്‍പ്പന്‍ തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ജയ്സ്വാള്‍- താരെ സഖ്യം 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താരെയെ പുറത്താക്കി സക്സേനയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 38) കിട്ടിയ തുടക്കം മുതലാക്കി. ഇതിനിടെ ജയ്സ്വാള്‍ പവലിയനില്‍ തിരിച്ചെത്തി. എം ഡി നിതീഷിനായിരുന്നു വിക്കറ്റ്. നാലാമനായി ക്രീസിലെത്തിയ സിദ്ധേഷ് ലാഡും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 12 പന്തുകള്‍ മാത്രം നേരിട്ട താരം 21 റണ്‍സ് നേടി.
എന്നാല്‍ സ്കോര്‍ 150ലെത്തിയപ്പോള്‍ സിദ്ധേഷിനേയം സൂര്യകുമാറിനേയും മുംബൈക്ക് നഷ്ടമായി. ഇരുവരേയും സക്സേന പുറത്താക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന സര്‍ഫറാസ് ഖാന് (9 ന്തില്‍ 17) ശിവം ദുബെ (13 പന്തില്‍ 26) സഖ്യമാണ് മുംബൈയെ 200ന് അടുത്തെത്തിച്ചത്. ഇരുവരും 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആസിഫിന്റെ തുടര്‍ച്ചയായ പന്തുകളില്‍ ഇരുവരും പുറത്താവകുയായിരുന്നു. അഥര്‍വ അങ്കോള്‍കറേയും (1) പുറത്താക്കി ആസിഫ് പട്ടിക പൂര്‍ത്തിയാക്കി. സക്സേന, ആസിഫ് എന്നിവര്‍ക്ക് പുറമെ നിതീഷ് ഒരു വിക്കറ്റ് വീഴ്ത്തി. എസ് മുലാനി (1) പുറത്താവാതെ നിന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 13, 2021, 10:39 PM IST
Post your Comments