
ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയില്‍ പഞ്ചാബിനെതിരെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു. 236 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 131 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് 105 റണ്‍സ് കൂടി വേണം. നേരത്തെ പഞ്ചാബ് ആദ്യ ഇന്നിങ്‌സ് നാല് വിക്കറ്റിന് 438 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 202 റണ്‍സായിരുന്നു കേരളം ആദ്യ ഇന്നിങ്‌സില്‍ നേടിയത്.
ഒരു വിക്കറ്റിന് 326 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ 23 റണ്‍സെടുത്ത ഹര്‍ജാസ് സിങ് ഠണ്ഡന്റെ വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ ജസ്‌കരണ്‍വീര്‍ സിങ്ങിനെ അഭിജിത് പ്രവീണും പുറത്താക്കി.24 ബൌണ്ടറികളടക്കം 160 റണ്‍സ് നേടിയാണ് ജസ്‌കരണ്‍വീര്‍ സിങ് മടങ്ങിയത്. തുടര്‍ന്നെത്തിയ മായങ്ക് സിങ്ങിനെയും അഭിജിത് തന്നെ പുറത്താക്കി. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് സ്‌കോറിങ് വേഗത്തിലാക്കിയ പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ ഇമന്‍ജ്യോത് സിങ് മികച്ച പ്രകടനം കാഴ്ച വച്ചു. 40 പന്തുകളില്‍ നിന്ന് ഇമന്‍ജ്യോത് പുറത്താകാതെ 51 റണ്‍സെടുത്തു. നാല് വിക്കറ്റിന് 438 റണ്‍സെന്ന നിലയില്‍ പഞ്ചാബ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ആകര്‍ഷിന്റെയും കാര്‍ത്തിക്കിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. ആകര്‍ഷ് അഞ്ചും കാര്‍ത്തിക് ആറും റണ്‍സ് നേടി മടങ്ങി. വരുണ്‍ നായനാരും പവന്‍ ശ്രീധറും ചേര്‍ന്ന കൂട്ടുകെട്ടാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ കരകയറ്റിയത്. എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. പവന്‍ ശ്രീധര്‍ 30ഉം കാമില്‍ അബൂബക്കര്‍ നാലും ആസിഫ് അലി പൂജ്യത്തിനും പുറത്തായി.
വരുണ്‍ നായനാരും ക്യാപ്റ്റന്‍ അഭിജിത് പ്രവീണും ചേര്‍ന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കിയെങ്കിലും അധികം നീണ്ടില്ല. 51 റണ്‍സെടുത്ത വരുണ്‍ ഹര്‍ഷ് ദീപ് സിങ്ങിന്റെ പന്തില്‍ പുറത്തായി. കളി നിര്‍ത്തുമ്പോള്‍ അഭിജിത് പ്രവീണ്‍ 24ഉം വിജയ് വിശ്വനാഥ് ഒരു റണ്ണും നേടി ക്രീസിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!