ഇൻഡോറിലെ ഹോൾക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആരാധകര്‍ ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരായി ചാന്‍റുകള്‍ മുഴക്കുന്നതും വിരാട് കോലി ദേഷ്യത്തോടെ ഗ്യാലറിയിലേക്ക് നോക്കുന്നതുമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഇന്‍ഡോര്‍:ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു ദൃശ്യമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. ഇൻഡോറിലെ ഹോൾക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആരാധകര്‍ ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരായി ചാന്‍റുകള്‍ മുഴക്കുന്നതും വിരാട് കോലി ദേഷ്യത്തോടെ ഗ്യാലറിയിലേക്ക് നോക്കുന്നതുമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ഗൗതം ഗംഭീര്‍ ഗോ ബാക്ക് എന്നായിരുന്നു ആരാധകരുടെ ചാന്‍റ്. ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
വീഡിയോയില്‍ കോലിക്കൊപ്പം ഗംഭീറും സഹതാരങ്ങളായ ശ്രേയസ് അയ്യര്‍, ഹര്‍ഷിത് റാണ, കെ എല്‍ രാഹുല്‍ എന്നിവരും നില്‍ക്കുന്നത് കാണാം.
എന്നാല്‍, പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ത മറ്റൊന്നാണ്. വിഡിയോയില്‍ കേള്‍ക്കുന്ന ഗംഭീറിനെതിരായ ശബ്ദം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഗുവാഹത്തി ടെസ്റ്റ് മത്സരത്തിന് ശേഷമുള്ളതാണ്. ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ ഗംഭീറിനെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. അന്ന് ആരാധകരെ ശാന്തരാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക്കിന്‍റെയും പേസ് ബൗളര്‍ മുഹമ്മദ് സിറാജിന്‍റെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
ഇൻഡോറില്‍ സമാനമായ സംഭവം ഉണ്ടായതായുള്ള തെളിവുകളോ സാക്ഷികളോയില്ല എന്നതാണ് വസ്തുത. ഗുവാഹത്തിയില്‍ സംഭവിച്ചതിന്‍റെ വീഡിയോ ദൃശ്യങ്ങളിലെ ശബ്ദവും നിലവില്‍ പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദവും ഒന്നാണെന്നും വ്യക്തമായിട്ടുണ്ട്.
എന്നിരുന്നാലും ന്യൂസിലൻഡ് പരമ്പരയിലെ പരാജയത്തിന് ശേഷം ഗംഭീറിനെതിരെ വിമര്‍ശനം ഉയരുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് ശേഷം വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ തന്റെ നേട്ടങ്ങള്‍ നിരത്തിയായിരുന്നു ഗംഭീര്‍ പ്രതിരോധം തീര്‍ത്തത്. എന്നാല്‍, ഇപ്പോള്‍ വൈറ്റ് ബോളിലും ഇന്ത്യ തകര്‍ച്ച നേരിടുകയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കളിച്ച ഒൻപത് ഏകദിനങ്ങളില്‍ അഞ്ചെണ്ണവും പരാജയപ്പെട്ടിരുന്നു.
2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കരാര്‍. 2026 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം ഗംഭീറിന്റെ ഭാവിയെ നിശ്ചയിക്കുന്നതുകൂടിയാകും.
