തുടക്കം തകര്‍ന്നു, മധ്യനിര പ്രതീക്ഷ കാത്തു; വിജയ് ഹസാരെയില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

By Web TeamFirst Published Feb 26, 2021, 1:04 PM IST
Highlights

വത്സല്‍ ഗോവിന്ദ് (95), സച്ചിന്‍ ബേബി (54), മുഹമ്മദ് അസറുദ്ദീന്‍ (പുറത്താവാതെ 59) എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയ്ക്കായി അഭിമന്യു മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടി. വത്സല്‍ ഗോവിന്ദ് (95), സച്ചിന്‍ ബേബി (54), മുഹമ്മദ് അസറുദ്ദീന്‍ ( പുറത്താവാതെ 59) എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയ്ക്കായി അഭിമന്യു മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമാണ് കേരളത്തില്‍ ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ മികച്ച ഫോമിലുള്ള റോബിന്‍ ഉത്തപ്പ (0), സഞ്ജു സാംസണ്‍ (3) എന്നിവരെ കേരളത്തിന് നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. വിഷ്ണു വിനോദ് (29)- വത്സല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടിലൂടെയാണ്. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിഷ്ണു, ശ്രേയാസ് ഗോപാലിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് മധ്യനിര താരങ്ങള്‍ നടത്തിയ പ്രകടനം കേരളത്തെ കരകയറ്റി.

സച്ചിന്‍ ബേബിക്കൊപ്പം ചേര്‍ന്ന വത്സല്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 114 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ക്യാപ്റ്റനെ പുറത്താക്കി മിഥുന്‍ കര്‍ണാടകയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെയെത്തിയ അസറുദ്ദീനുമൊത്ത് 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് വത്സല്‍ മടങ്ങിയത്. മുന്‍നിര തകര്‍ന്നപ്പോള്‍ പിടിച്ചുനിന്ന വത്സല്‍ 124 പന്തില്‍ ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് 95 റണ്‍സെടുത്തത്. 

തുടര്‍ന്നെത്തിയ ജലജ് സക്‌സേന (5), എം ഡി നിതീഷ് (0), എസ് മിഥുന്‍ (13) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ അസറുദീന്റെ അതിവേഗ ഇന്നിങ്‌സ് കേരളത്തിന് തുണയായി. 38 പന്തുകള്‍ നേരിട്ട താരം 59 റണ്‍സ് നേടി. മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു അസുറദ്ദീന്റെ ഇന്നിങ്‌സ്. കര്‍ണാടകയ്ക്ക് വേണ്ടി മിഥുന് പുറമെ പ്രസിദ്ധ് കൃഷ്ണ രണ്ടും ഗോപാല്‍ ഒരു വിക്കറ്റും വീഴ്ത്തി.

click me!