കേരള പ്രീമിയര്‍ ലീഗ്: നാളെ ഫ്രാഞ്ചൈസി മീറ്റ്, താരലേലം ജൂലൈ അഞ്ചിന്; സഞ്ജുവും വിഘ്‌നേഷും ലേല പട്ടികയില്‍

Published : Jun 25, 2025, 09:57 PM IST
Sanju Samson

Synopsis

ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുടമകള്‍ മീറ്റില്‍ പങ്കെടുക്കും

തിരുവനന്തപുരം: കേരള പ്രീമിയര്‍ ലീഗ് രണ്ടാം സീസണ്‍ ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഇതിന് മുന്നോടിയായി നാളെ തിരുവനന്തപുരത്ത് ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുടമകള്‍ മീറ്റില്‍ പങ്കെടുക്കും. ജൂലൈ അഞ്ചിനാണ് താരലേലം. സച്ചിന്‍ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്‌സാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഏരീസ് കൊല്ലം ഫൈനലില്‍ ആറു വിക്കറ്റിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ തോല്‍പിച്ചു.

കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ ആവേശം നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഐപിഎല്‍ മാതൃകയില്‍ കെസിഎ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം പതിപ്പ് ആരംഭിക്കുന്നത്. ലീഗ് വന്‍ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍. നടന്‍ മോഹന്‍ലാല്‍ ആണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.

ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന വിഘ്‌നേഷ് പുത്തൂരും താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി നാലു താരങ്ങളെ നിലനിര്‍ത്താന്‍ അവസരം നല്‍കും. ഇതില്‍ സംസ്ഥാനത്തിനായി കളിച്ച മൂന്ന് ക്യാപ്ഡ് താരങ്ങളെ മാത്രമെ പരമാവധി നിലനിര്‍ത്താനാവു. ഈ മാസം 30 ആണ് നിലനിര്‍ത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.

ഒന്നാം സീസണില്‍ 6 ടീമുകളിലായി 114 താരങ്ങളായിരുന്നു മത്സരംഗത്തുണ്ടായിരുന്നത്. 168 കളിക്കാരാണ് ആദ്യ ലേലത്തിനായി രജിസ്റ്റര്‍ചെയ്തിട്ടുണ്ടായിരുന്നത്. ശരാശരി 35 ലക്ഷം രൂപയാണ് ഓരോ ടീമും താരലേലത്തിനായി മുടക്കിയത്. ഇതിനോടൊപ്പം തന്നെ ഐക്കണ്‍ താരങ്ങളായി ഓരോ കളിക്കാരെ ടീമുകള്‍ ആദ്യമേ തന്നെ സ്വന്തമാക്കിയിരുന്നു. 30 ലക്ഷം രൂപയാണ് ആദ്യ ചാമ്പ്യന്മാര്‍ ആയ കൊല്ലം സെയിലേഴ്‌സിന് പാരിതോഷികമായി ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് 20 ലക്ഷം രൂപയും പാരിതോഷികമായി ലഭിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം