പൃഥ്വി ഷായ്ക്ക് എന്‍ ഒ സി അനുവദിച്ചു; മുംബൈ വിടാനിരിക്കുന്ന താരം ഇനി കളിക്കുന്ന ടീം ഏതെന്നുള്ള കാര്യത്തിലും സൂചന

Published : Jun 25, 2025, 09:36 PM IST
Prithvi Shaw

Synopsis

മോശം ഫോമും അച്ചടക്ക നടപടിയും കാരണം പൃഥ്വി ഷായെ കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ വിടാന്‍ തീരുമാനിച്ചത്. 

മുംബൈ: പൃഥ്വി ഷാ അടുത്ത സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി കളിക്കില്ല. മറ്റൊരു ടീമില്‍ കളിക്കാനായി പൃഥ്വി ഷായ്ക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എന്‍ ഒ സി സര്‍ട്ടിഫിക്കറ്റ് നല്‍കി. മോശം ഫോമും അച്ചടക്ക നടപടിയും കാരണം 25കാരനായ പൃഥ്വി ഷായെ കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ നായകനായിരുന്ന പൃഥ്വി ഷാ മുംബൈ വിടാന്‍ തീരുമാനിച്ചത്. നേരത്തേ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വീ ജയ്‌സ്വാളും മറ്റൊരു ടീമില്‍ കളിക്കാനായി എന്‍ ഒ സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മനംമാറിയ ജയ്‌സ്വാള്‍ മുംബൈയില്‍ തുടരാന്‍ തീരുമാനിക്കുക ആയിരുന്നു.

കഴിഞ്ഞ സീസണില്‍ മുംബൈ ടീമില്‍ ഇടം നേടുന്നതിന് ഫിറ്റ്‌നെസ് ഇല്ലായ്മയും താരത്തിന് തിരിച്ചടിയായി. പിന്നീട് പൃഥ്വി ഷായെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകര്‍ക്ക് കീഴില്‍ രണ്ടാഴ്ച ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിന് വിട്ടു. പൃഥ്വി ഷായുടെ ശരീത്തില്‍ 35 ശതമാനം അധിക കൊഴുപ്പാണെന്ന് പരിശീലകര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ശരീരഭാരവും കൊഴുപ്പും കുറക്കാന്‍ കഠിന പരിശീലനവും പരിശീലകര്‍ നിര്‍ദേശിച്ചിരുന്നു. മുംബൈക്കായി വീണ്ടും കളിക്കണമെങ്കില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കണമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ പിന്നീടും ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൃഥ്വി ഷായെ ഡിസംബറില്‍ നടന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിലേക്കും പരിഗണിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് വിടാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ ക്രിക്കറ്റ് അസോസിയേഷനുകള്‍ പൃഥ്വി ഷായെ തങ്ങളുടെ സംസ്ഥാനത്തിനായി കളിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രഫഷണല്‍ ക്രിക്കറ്റില്‍ തന്നെ ഇത്രയും കാലം പിന്തുണച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന് നന്ദി അറിയിച്ചിരുന്നു പൃഥ്വി ഷാ. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുവേണ്ടി കളിക്കാനാണ് പൃഥ്വി ഷാ ആഗ്രഹിക്കുന്നതെന്ന് സൂചനയുണ്ട്. മുംബൈ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും പരോക്ഷ പോസ്റ്റുകളിട്ട് പൃഥ്വി ഷാ തന്റെ വിയോജിപ്പ് അറിയിച്ചിരുന്നു. 2022നുശേഷം വിജയ് ഹസാരെ ട്രോഫിയില്‍ പൃഥ്വി ഷാ മുംബൈക്കായി കളിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം