
ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സിലെ 10 വിക്കറ്റും എറിഞ്ഞിട്ട് ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജ്. മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗ് തുടര്‍ന്ന ഹരിയാന മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെന്ന നിലയിലാണ്. ഏഴ് റണ്‍സോടെ ലക്ഷ്യ സുമനും 16 റണ്‍സോടെ യുവരാജ് സിംഗും ക്രീസില്‍. 10 വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഹരിയാനക്ക് ഇനിയും 268 റണ്‍സ് കൂടി വേണം.
ഇന്നലെ എട്ടു വിക്കറ്റുമായി കേരളത്തെ തകര്‍ത്ത അന്‍ഷുല്‍ കാംബോജ് തന്നെയാണ് അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തി കേരളത്തിന്‍റെ ഇന്നിംഗ്സും അവസാനിപ്പിച്ചത്. മൂന്നാം ദിനം ആദ്യ ഓവറില്‍ തന്നെ നാലു റണ്‍സെടുത്ത ബേസില്‍ തമ്പിയെ ബൗള്‍ഡാക്കിയ അന്‍ഷുല്‍ കാംബോജ് പിന്നാലെ 42 റണ്‍സെടുത്ത ഷോണ്‍ റോജറെ കൂടി പുറത്താക്കി കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. 30.1 ഓവറില്‍ 9 മെയ്ഡിന്‍ അടക്കം 49 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ 10 വിക്കറ്റ് വീഴ്ത്തിയത്.
10 വിക്കറ്റ് വീഴ്ത്തിയതോടെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ബൗളറെന്ന നേട്ടവും 23കാരനായ അന്‍ഷുല്‍ കാംബോജ് സ്വന്തമാക്കി. 1956-57ൽ ബംഗാൾ താരം പ്രേമാൻശു മോഹന്‍ ചാറ്റര്‍ജി, 1985-86 രഞ്ജി സീസണില്‍ രാജസ്ഥാന്‍റെ പ്രദീപ് സുന്ദരം എന്നിവരാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അന്‍ഷുല്‍ കാംബോജിന് മുമ്പ് ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയ ബൗളര്‍മാര്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്ന ആറാമത്തെ മാത്രം ഇന്ത്യൻ ബൗളറുമാണ് അന്‍ഷുല്‍ കാംബോജ്. അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്തെ, ദേബാശിഷ് മൊഹന്തി എന്നിവരും അന്‍ഷുലിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എഎഫ്‌സി എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കായും അന്‍ഷുല്‍ കാംബോജ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതിന് മുമ്പ് നടന്ന ദുലീപ് ട്രോഫിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ കാംബോജ് ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറുമായി റെക്കോര്‍ഡിട്ടിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്നു കാംബോജ്. കഴിഞ്ഞ സീസണില്‍ ഹരിയാ വിജയ് ഹസാരെ ചാമ്പ്യൻമാരായപ്പോള്‍ 10 മത്സരങ്ങളില്‍ 17 വിക്കറ്റുമായി കാംബോജ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!