ഒരു വിക്കറ്റ് മാത്രം ശേഷിക്കെ പാകിസ്ഥാന് 18 പന്തില്‍ 37 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

ബുലവായോ: അടുത്തിടെയായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഗ്രൗണ്ടില്‍ അത്ര നല്ല സമയമല്ല. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ മുഹമ്മദ് റിസ്‌വാനെ റിട്ടയേര്‍ഡ് ഔട്ടായി തിരിച്ചുവിളിക്കുകയും കഴിഞ്ഞ ദിവസം ബാബര്‍ അസമിന് സ്റ്റീവ് സ്മിത്ത് സിംഗിള്‍ നിഷേധിക്കുകയെല്ലാം ചെയ്തത് പാക് താരങ്ങള്‍ക്ക് നാണക്കേടായെങ്കില്‍ ഇപ്പോള്‍ കൗമാര ലോകകപ്പിലാണ് പാക് താരം നാണം കെട്ടിരിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അസാധാരണമായ രീതിയില്‍ റണ്ണൗട്ടായാണ് പാക് പേസറായ അലി മടങ്ങിയത്. മത്സരത്തിന്‍റെ 47-ാം ഓവറിലായിരുന്നു സംഭവം.

ഒരു വിക്കറ്റ് മാത്രം ശേഷിക്കെ പാകിസ്ഥാന് 18 പന്തില്‍ 37 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനൊന്നാമനായി ക്രീസിലുണ്ടായിരുന്ന വാലറ്റക്കാരന്‍ മോമിന്‍ ഖമര്‍ 47-ാം ഓവറിലെ മൂന്നാം പന്തില്‍ സിംഗിളെടുത്ത് അലി റാസക്ക് സ്ട്രൈക്ക് കൈമാറി. അനായാസ സിംഗിളെടുത്തശേഷം വീണ്ടും ക്രീസില്‍ നിന്നിറങ്ങി രണ്ടാം റണ്ണിനായി ഓടാന്‍ ശ്രമിച്ച അലി റാസ ക്രീസീന് പുറത്തിറങ്ങിയെങ്കിലും ഫീല്‍ഡറുടെ ത്രോ വരുന്നതുകണ്ട് തിരിഞ്ഞു നടന്നു. എന്നാല്‍ ത്രോ ചെയ്ത പന്തിലേക്ക് മാത്രം നോക്കിയ അലി റാസ ക്രീസില്‍ ബാറ്റുകുത്താതെ നിന്നു.

View post on Instagram

വിക്കറ്റ് കീപ്പറുടെ കൈയില്‍ പന്തെത്തിയതും അലി റാസ അതിവേഗം ബാറ്റ് ക്രീസിനുള്ളിലേക്ക് വെച്ചെങ്കിലും പണി പാളി. ഇംഗ്ലണ്ട് ക്യാപ്റ്റൻ തോമസ് റ്യൂവിന്‍റെ മിന്നല്‍ സ്റ്റംപിംഗില്‍ അലി റാസ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തായി. ഇതോടെ മത്സരത്തില്‍ പാകിസ്ഥാന്‍ 37 റൺസിന്‍റെ തോല്‍വി വഴങ്ങുകയും ചെയ്തു. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 46.5 ഓവറില്‍ 210 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ പാകിസ്ഥാന്‍ 173 റണ്‍സിന് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക