വിജയ് ഹസാരെ ട്രോഫി രണ്ടാം സെമിഫൈനലിൽ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകർത്ത് സൗരാഷ്ട്ര ഫൈനലിൽ പ്രവേശിച്ചു. ഓപ്പണർ വിശ്വരാജ് ജഡേജയുടെ അപരാജിത സെഞ്ച്വറിയുടെ മികവിൽ 292 റൺസ് വിജയലക്ഷ്യം സൗരാഷ്ട്ര അനായാസം മറികടന്നു.
മുംബൈ: വിജയ് ഹസാരെ ട്രോഫി രണ്ടാം സെമിഫൈനലിൽ പഞ്ചാബിനെതിരെ ഒമ്പത് വിക്കറ്റിന്റെ ആധിപത്യ ജയത്തോടെ സൗരാഷ്ട്ര ഫൈനലിൽ. ഓപ്പണർ വിശ്വരാജ് ജഡേജയുടെ അപരാജിത സെഞ്ച്വറിയുടെ പിൻബലത്തിലാണ് സൗരാഷ്ട്രവിജയം നേടിയത്. ജനുവരി 18 ന് വിദർഭയാണ് ഫൈനലിലെ എതിരാളികൾ. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 39.3 ഓവറിൽ ലക്ഷ്യം പൂർത്തിയാക്കി. 127 പന്തിൽ നിന്ന് 165 റൺസുമായി പുറത്താകാതെ നിന്ന ജഡേജ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 18 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടുന്ന ഇന്നിംഗ്സായിരുന്നു താരത്തിന്റേത്. മറുവശത്ത് ക്യാപ്റ്റൻ ഹാർവിക് ദേശായി 63 പന്തിൽ നിന്ന് 9 ബൗണ്ടറികളടക്കം 64 റൺസ് നേടി. പഞ്ചാബിനെതിരെ 172 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ഓപ്പണിംഗ് ജോഡി പടുത്തുയർത്തിയത്. ദേശായി പുറത്തായതിനു ശേഷം, പ്രേരക് മങ്കാദ് 49 പന്തിൽ നിന്ന് ഏഴ് ഫോറുകൾ ഉൾപ്പെടെ 52 റൺസ് നേടി പുറത്താകാതെ നിന്നു. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 291 റൺസ് നേടി. അൻമോൽപ്രീത് സിംഗിന്റെയും പ്രഭ്‌സിമ്രാൻ സിംഗിന്റെയും മികച്ച പ്രകടനമാണ് നല്ല ടോട്ടലിലേക്കെത്തിച്ചത്.
പ്രഭ്‌സിമ്രാനും ഹർണൂർ സിങ്ങും ചേർന്ന് 60 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുയർത്തി. 105 പന്തിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്സും സഹിതം 100 റൺസ് നേടിയ അൻമോൾപ്രീത് ഇന്നിംഗ്സിന് അടിത്തറയിട്ടു. പ്രഭ്സിമ്രാൻ 87 റൺസ് നേടി. രമൻദീപ് സിംഗ് 38 പന്തിൽ നിന്ന് 42 റൺസ് നേടി.
