'ചെന്നൈ അദ്ദേഹത്തിന് വീടാണ്'; സിഎസ്‌കെ- ധോണി ആത്മബന്ധത്തെ കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

By Web TeamFirst Published Apr 26, 2022, 9:02 PM IST
Highlights

ധോണിക്ക് കീഴില്‍ പൂനെയ്ക്ക് വേണ്ടിയും പീറ്റേഴ്‌സണ്‍ കളിച്ചിരുന്നു. ധോണി വീട്ടിലേക്ക് മടങ്ങിപോവുന്നത് തുല്യമായിരുന്നു ചെന്നൈയിലെത്തുന്നതെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. 

മുംബൈ: രണ്ട് ഐപിഎല്‍ (IPL 2022) സീസണില്‍ മാത്രമാണ് എം എസ് ധോണി (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) വിട്ടുകളിച്ചത്. 2016, 2017 സീസണില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളിച്ചിരുന്നു. ചെന്നൈയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് ധോണിക്ക് മറ്റൊരു ഫ്രാഞ്ചൈസിയില്‍ കളിക്കേണ്ടി വന്നത്. എന്നാല്‍ 2018ല്‍ ചെന്നൈയില്‍ തിരിച്ചെത്തുകയും ചെയ്തു.

ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു എന്നറിഞ്ഞപ്പോള്‍ ധോണി പ്രകടിപ്പിച്ച സന്തോഷത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen). ധോണിക്ക് കീഴില്‍ പൂനെയ്ക്ക് വേണ്ടിയും പീറ്റേഴ്‌സണ്‍ കളിച്ചിരുന്നു. ധോണി വീട്ടിലേക്ക് മടങ്ങിപോവുന്നത് തുല്യമായിരുന്നു ചെന്നൈയിലെത്തുന്നതെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. 

അദ്ദേഹത്തിന്റെ വാക്കുകള്‍.... ''ചെന്നൈയുടെ ജേഴ്‌സിയെന്നത് ധോണിയെ സംബന്ധിച്ചിടത്തോളം ഒരുപാട് മാനങ്ങളുള്ളതാണ്. രണ്ട് സീസണില്‍ ഞാനദ്ദേഹത്തോടൊപ്പം പൂനെയില്‍ കളിച്ചു. ചെന്നൈ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമ്പോള്‍ ധോണി സന്തോഷവാനായിരുന്നു. എന്നാല്‍ 100 ശതമാനം പ്രൊഫണലായ ക്രിക്കറ്ററാണ് ധോണി. പൂനെയ്ക്ക് വേണ്ടി തന്റെ കഴിവിന്റെ മുഴുവനും ധോണി നല്‍കി. ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല. എന്നാല്‍ ധോണിക്ക് ചെന്നൈ തന്നെയായിരുന്നു വീടും കുടുംബവും.' പീറ്റേഴ്‌സണ്‍ പറഞ്ഞു.

2018ല്‍ ചെന്നൈയെ നയിച്ച ധോണി ടീമിനെ കിരീടം സമ്മാനിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ സീസണിലും അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇത്തവണ അദ്ദേഹം നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയിരുന്നു. മാത്രമല്ല, ടീമിനും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ല. 

എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് നിലവിലെ ചാംപ്യന്മാര്‍. ഇത്തവണ ടീം പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
 

click me!