അഞ്ച് താരങ്ങളെ കാത്തിരിക്കുന്നത് പുതിയ നാഴികക്കല്ലുകള്‍; കൊല്‍ക്കത്ത- ഹൈദരാബാദ് മത്സരത്തില്‍ ശ്രദ്ധിക്കേണ്ടത്

By Sajish AFirst Published Apr 15, 2022, 12:07 PM IST
Highlights

ഹൈദരാബാദിനെ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് (Kane Williamson) ഇതില്‍ പ്രധാനി. ഐപിഎല്ലില്‍ 2000 ക്ലബ്ബിലെത്താന്‍ വില്യംസണ് ഇനി എട്ട് റണ്‍സ് കൂടി മതി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം നടക്കാനിരിക്കെ ചില താരങ്ങള്‍ റെക്കോര്‍ഡിനരികെയാണ്. അഞ്ച് താരങ്ങളെ കാത്തിരിക്കുന്നത് വ്യത്യസ്ത നാഴികക്കല്ലുകളാണ്. ഹൈദരാബാദിനെ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് (Kane Williamson) ഇതില്‍ പ്രധാനി. ഐപിഎല്ലില്‍ 2000 ക്ലബ്ബിലെത്താന്‍ വില്യംസണ് ഇനി എട്ട് റണ്‍സ് കൂടി മതി.

ഏത് പന്തും അതിര്‍ത്തി കടത്താന്‍ ശേഷിയുള്ള നിക്കോളാസ് പുരാനും റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതാന്‍ കാത്തിരിക്കുന്നു. ഒരേയൊരു സിക്‌സര്‍ കൂടി നേടിയാല്‍ ടി20യില്‍ 300 സിക്‌സര്‍ പൂര്‍ത്തിയാക്കാം വിന്‍ഡീസ് താരത്തിന്. ഹൈദരാബാദിന്റെ ബൗളിംഗ് യൂണിറ്റ് നയിക്കുന്ന ഭുവനേശ്വറും മറ്റൊരു നേട്ടത്തിനരികെയാണ്. ഐപിഎല്ലില്‍ 150 വിക്കറ്റിലെത്തുന്ന ഏഴാമത്തെ താരമാകാനുള്ള അവസരമാണ് ഭുവനേശ്വറിന്. വേണ്ടത് നാല് വിക്കറ്റ് മാത്രം. 

കൊല്‍ക്കത്ത നിരയിലും പ്രതീക്ഷയോടെ രണ്ട് പേരുണ്ട്. സുനില്‍ നരെയ്‌നും നിതീഷ് റാണയും. ബാറ്റിംഗിലും ബൗളിംഗിലും
നാഴികക്കല്ല് മറികടക്കന്‍ കാത്തിരിക്കുകയാണ് സുനില്‍ നരെയ്ന്‍. 30 റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കാം. മൂന്ന് വിക്കറ്റ് അകലെ 150 വിക്കറ്റ് ക്ലബ്ബും കാത്തിരിക്കുന്നു.

നൈറ്റ് റൈഡേഴ്‌സിന്റെ സിക്‌സറടി വീരന്‍ നിതീഷ് റാണ മറ്റൊരു നേട്ടത്തിനരികെ. 100 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്
അഞ്ചെണ്ണം കൂടി.

നേര്‍ക്കുനേര്‍

ഹൈദരാബാദും കൊല്‍ക്കത്തയും തമ്മിലുള്ള ഇരുപത്തിരണ്ടാമത്തെ മത്സരമാണ് ഇന്നത്തേത്. കൊല്‍ക്കത്തയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 12 മത്സരങ്ങളില്‍ കൊല്‍ക്കത്തയും ഏഴ് കളിയില്‍ ഹൈദരാബാദും ജയിച്ചു. 209 റണ്‍സാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍. കൊല്‍ക്കത്തയുടെ ഉയര്‍ന്ന സ്‌കോര്‍ 187ഉം.

ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഹൈദരാബാദ് നേരത്തെ കളിച്ച ഒരു മത്സരത്തില്‍ ജയിച്ചിട്ടുണ്ടെങ്കിലും കൊല്‍ക്കത്തയ്ക്ക് മോശം റെക്കോര്‍ഡാണ്. മത്സരിച്ച മൂന്ന് കളികളിലും തോല്‍വി.
 

click me!