SA vs IND: മാസങ്ങള്‍ക്ക് മുമ്പ് ടീമിന്‍റെ പടിക്കുപുറത്ത്, ഇന്ന് ഇന്ത്യന്‍ നായകന്‍; രാഹുകാലം കടന്ന് രാഹുല്‍

By Web TeamFirst Published Jan 3, 2022, 6:58 PM IST
Highlights

2019 ഓഗസ്റ്റ് മുതൽ  2021 ഓഗസ്റ്റ് വരെ രണ്ട് വർഷത്തിനിടെ ഇന്ത്യക്കായി ഒരു ടെസ്റ്റിൽ പോലും കളിക്കാതിരുന്ന കെ.എൽ.രാഹുലിന്‍റെ തലവര മാറിയത് കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ്.

ജൊഹാനസ്ബര്‍ഗ്: ഏതാനും മാസങ്ങൾക്ക് മുൻപ് ടെസ്റ്റ് ടീമിന്‍റെ പടിക്ക് പുറത്തായിരുന്നു കെ.എൽ.രാഹുലിന്‍റെ(KL Rahul) സ്ഥാനം. എന്നാല്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് രാഹുലാണ്. ഒപ്പം മൂന്ന് ഫോർമാറ്റിലും ടീമിലെ സ്വാഭാവിക ചോയ്സും അവിഭാജ്യഘടകവുമാണ് രാഹുല്‍. ഏത് ഫോര്‍മാറ്റിനും ഇണങ്ങുന്ന ബാറ്ററില്‍ നിന്ന് ടീം ഇന്ത്യയുടെ നായകനിലേക്ക് കൂടിയുള്ള രാഹുലിന്‍റെ അതിവേഗ വളർച്ച അവിശ്വസനീയമായിരുന്നു.

2019 ഓഗസ്റ്റ് മുതൽ  2021 ഓഗസ്റ്റ് വരെ രണ്ട് വർഷത്തിനിടെ ഇന്ത്യക്കായി ഒരു ടെസ്റ്റിൽ പോലും കളിക്കാതിരുന്ന കെ.എൽ.രാഹുലിന്‍റെ തലവര മാറിയത് കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ്. ഇംഗ്ലണ്ടിനെതിരായ പരന്പരയിലേക്ക് രോഹിത് ശർമയ്ക്ക് കൂട്ടായെത്തിയ കെ.എൽ.രാഹുൽ ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ ടെസ്റ്റിൽ അർധ സെഞ്ച്വറിയോടെ തുടങ്ങിയ രാഹുലിന്‍റെ സെഞ്ച്വറിക്കരുത്തിലായിരുന്നു രണ്ടാം ടെസ്റ്റിലെ ജയം.

നായകൻ വിരാട് കോലിയും അജിങ്ക്യാ രഹാനെയും മോശം ഫോമിൽ തുടരുമ്പോൾ മുൻനിരയിൽ മികച്ചപ്രകടനം നടത്തുന്ന രാഹുലിന് ടീമിൽ പ്രാധാന്യം കൂടി. രോഹിത് ശര്‍മ പരിക്കുമൂലം പുറത്തിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം. ആദ്യ ടെസ്റ്റിലെ സെഞ്ച്വറിയോടെ ടീമിന്‍റെ ജയമുറപ്പാക്കി. ഇതോടെ ഭാവി നായകനിലേക്കുള്ള തെരച്ചിൽ ബിസിസിഐ അവസാനിപ്പിക്കുകയാണ്.

രോഹിത്തിന്‍റെ അഭാവത്തിൽ ഏകദിന ടീമിന്‍റെ നായകനാക്കിയതിന് പിന്നാലെ കോലിക്ക് പരിക്കേറ്റതോടെ നിർണായക മത്സരത്തിൽ ടെസ്റ്റിൽ ടീമിനെ നയിക്കാൻ നിയോഗം. ഐപിഎല്ലിൽ പഞ്ചാബിനായി നായകനെന്ന നിലയിൽ വൻനേട്ടം അവകാശപ്പെടാനില്ലെങ്കിലും ഈ സീസണിൽ ഏവരും ഉറ്റുനോക്കുന്നതും രാഹുലിലേക്ക് തന്നെയാണ്. 20 കോടി രൂപയ്ക്ക് ലഖ്നൗ രാഹുലിനെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുണ്ട്. ഏതൊരു താരവും സ്വപ്നം കാണുന്ന ഉയരത്തിലാണ് കണ്ണടച്ച് തുറക്കുംമുൻപ് യുവതാരത്തിന്‍റെ വളർച്ച.

click me!