'മോനെ സായ്, ഇതെന്റെ കളമാടാ...'; ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് കോലി, നേട്ടം വൻ കുതിപ്പോടെ

Published : May 03, 2025, 10:12 PM IST
'മോനെ സായ്, ഇതെന്റെ കളമാടാ...'; ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് കോലി, നേട്ടം വൻ കുതിപ്പോടെ

Synopsis

പതിവിന് വിപരീതമായി ആക്രമണശൈലിയായിരുന്നു കോലി ഇന്ന് സ്വീകരിച്ചത്

ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി. ചെന്നൈ സൂപ്പർ കിംഗ്‌‌സിനെതിരായ അ‍ര്‍ദ്ധ സെഞ്ച്വറി ഇന്നിങ്സാണ് കോലിക്ക് ഓറഞ്ച് ക്യാപ് നേടിക്കൊടുത്തത്. ബെംഗളൂരുവിന്റെ ഹോം മൈതാനമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 33 പന്തില്‍ 62 റണ്‍സായിരുന്നു കോലി നേടിയെടുത്തത്. ഇതോടെ സീസണില്‍ കോലി നേടിയ റണ്‍സ് 505 ആയി ഉയര്‍ന്നു.

പതിവിന് വിപരീതമായി ആക്രമണശൈലിയായിരുന്നു കോലി ഇന്ന് സ്വീകരിച്ചത്. അഞ്ച് വീതം ഫോറും സിക്സും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. സീസണില്‍ കോലി നേടുന്ന ഏഴാം അ‍ര്‍ദ്ധ സെഞ്ച്വറികൂടിയാണിത്. മത്സരം ആരംഭിക്കുന്നതിന് മുൻപ് ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദ‍‍ര്‍ശനായിരുന്നു ഒന്നാം സ്ഥാനത്ത്. 10 കളികളില്‍ നിന്ന് 504 റണ്‍സാണ് സായ് നേടിയത്. കോലിക്ക് 505 റണ്‍സ് നേടാൻ 11 മത്സരങ്ങള്‍ ആവശ്യമായി വന്നു. 

മുംബൈ ഇന്ത്യൻസിന്റെ മധ്യനിര ബാറ്റ‍‍ര്‍ സൂര്യകുമാ‍ര്‍ യാദവാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 11 കളികളില്‍ നിന്ന് 475 റണ്‍സാണ് വലം കയ്യൻ ബാറ്റ‍ര്‍ നേടിയത്. സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്ററാണ് സൂര്യകുമാ‍ര്‍. എല്ലാ മത്സരങ്ങളിലും 25 റണ്‍സിന് മുകളില്‍ സ്കോ‍ര്‍ ചെയ്യാൻ താരത്തിനായി. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ഒരു താരം രണ്ടക്കം കടക്കുന്നത് ആദ്യമാണ്. 

ഗുജറാത്തിന്റെ തന്നെ താരങ്ങളായ ജോസ് ബട്ട്ലറും ശുഭ്മാൻ ഗില്ലുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.  10 കളികളില്‍ നിന്ന് 470 റണ്‍സാണ് ബട്ട്ലറിന്റെ നേട്ടം. 10 മത്സരങ്ങളില്‍ നിന്ന് 465 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. ഇരുവരും സീസണില്‍ അഞ്ച് അ‍ര്‍ദ്ധ സെഞ്ച്വറികളും നേടി.

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ