മറ്റൊരു റെക്കോഡ് കൂടി കോലിയുടെ അക്കൗണ്ടില്‍; ഇത്തവണ പിന്നിലാക്കിയത് ജയവര്‍ധനയെ

By Web TeamFirst Published Mar 17, 2021, 12:16 PM IST
Highlights

ഇന്ത്യന്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍ രക്ഷയായത് കോലിയുടെ ഇന്നിങ്‌സായിരുന്നു. 46 പന്തില്‍ നിന്ന് 77 റണ്‍സുമായി കോലി പുറത്താവാതെ നിന്നു.

അഹമ്മദാബാദ്: ഇംഗണ്ടിനെതിരായ മൂന്നാം ടി20യില്‍ പുതിയൊരു റെക്കോഡ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യന്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍ രക്ഷയായത് കോലിയുടെ ഇന്നിങ്‌സായിരുന്നു. 46 പന്തില്‍ നിന്ന് 77 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. 15 ഓവറില്‍ അഞ്ചിന് 87 എന്ന നിലയില്‍ നിന്നാണ് കോലി ഇന്ത്യയെ കൈ പിടിച്ചുയര്‍ത്തിയത്.

ടി20 ക്രിക്കറ്റിലെ 27-ാം അര്‍ധ സെഞ്ചുറിയാണ് കോലി നേടിയത്. ഇതില്‍ അവസാന 17 പന്തില്‍ മാത്രം 49 റണ്‍സാണ് കോലി നേടിയത്. ഈ പ്രകടനമാണ് മറ്റുള്ള താരങ്ങളില്‍ നിന്ന് കോലിയെ വേറിട്ടുനിര്‍ത്തിയത്. മത്സരം അവസാനിച്ചപ്പോള്‍  പുറത്താകാതെ കോലി നാല് സിക്സും എട്ട് ഫോറും അക്കൗണ്ടില്‍ ചേര്‍ത്തിരുന്നു.

ബാറ്റ് ചെയ്ത മറ്റുതാരങ്ങളില്‍ ഒരാളും 30 റണ്‍സില്‍ കൂടുതല്‍ നേടിയിരുന്നില്ലെന്നും ഓര്‍ക്കണം. ഇതുതന്നെയാണ് കോലി സ്വന്തമാക്കിയ റെക്കോഡും. ടീമിലെ മറ്റൊരു താരവും 30 റണ്‍സില്‍ കൂടുതല്‍ നേടാത്ത മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ 75 അല്ലെങ്കില്‍ അതില്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലിയെ തേടിയെത്തിയത്. 

അഞ്ചാം തവണയാണ് ഇത്തരത്തില്‍ റണ്‍സ് നേടുന്നത്. നാല് തവണ നേട്ടം സ്വന്തമാക്കിയിട്ടുളള മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനയെയാണ് കോലി മറികടന്നത്. 

കോലിയുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ 156 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് അനായാസം സ്‌കോര്‍ മറികടന്നു. ജോസ് ബട്‌ലര്‍ (83), ജോണി ബെയര്‍സ്‌റ്റോ (40) എന്നിവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

click me!