
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ വെടികെട്ട് ഫിനിഷിംഗുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്‍റെ കൃഷ്ണ ദേവൻ. ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരെ ഇന്നിംഗ്സിലെ അവസാന അഞ്ച് പന്തും സിക്സിന് പറത്തിയ കൃഷ്ണ ദേവന്‍റെ ബാറ്റിംഗ് മികവില്‍ കൊല്ലത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ഷറഫുദ്ദീന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന അഞ്ച് പന്തും കൃഷ്ണ ദേവന്‍ സിക്സിന് പറത്തി. ഏഴ് സിക്സും ഒരു ബൗണ്ടറിയും അടക്കം 11 പന്തില്‍ 49 റണ്‍സുമായി കൃഷ്ണ ദേവന്‍ പുറത്താകാതെ നിന്നപ്പോള്‍ അഖില്‍ സ്കറിയ 25 പന്തിൽ 32 റണ്‍സുമായി പുറത്താകാതെ നിന്നു.
18 ഓവര്‍ കഴിഞ്ഞപ്പോള്‍ കാലിക്കറ്റ് 152-5 എന്ന നിലയിലായിരുന്നു. എന്നാല്‍ എന്‍ എസ് അജയ്ഘോഷ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 19 റണ്‍സടിച്ച കൃഷ്ണ ദേവന്‍ അവസാന ഓവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സ് അടിച്ചു. അവസാന രണ്ടോവറില്‍ നിന്ന് മാത്രം 50 റണ്‍സാണ് കാലിക്കറ്റ് അടിച്ചെടുത്തത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കാലിക്കറ്റിന് ആദ്യ ഓവറില്‍ തന്നെ എസ് മിഥുനെ(6) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും(29 പന്തില്‍ 36) അജിനാസും(28 പന്തില്‍46) തകര്‍ത്തടിച്ചതോടെ കാലിക്കറ്റ് 9 ഓവറില്‍ 81 റണ്‍സിലെത്തി. അജിനാസിനെ മടക്കിയ എസ് അഖിലാണ് കൊല്ലത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പന്ത്രണ്ടാം ഓവറില്‍ സ്കോര്‍ 100 കടക്കും മുമ്പ് രോഹനെയും എസ് അഖില്‍ തന്നെ വീഴ്ത്തി.
പിന്നാലെ സച്ചിന്‍ സുരേഷും(7), മുഹമ്മദ് അൻഫലും വീണതോടെ പതിനെട്ടാം ഓവറില്‍ കാലിക്കറ്റ് 150-5ലേക്ക് വീണശേഷമായിരുന്നു കൃഷ്ണ ദേവന്‍റെ തൂക്കിയടി.കൊല്ലത്തിന് വേണ്ടി അഖിലും അമലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!