
ദില്ലി: അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് ഇടമുണ്ടാകില്ലെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിന് പകരം ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയാകും ലോകകപ്പ് ടീമിലെത്തുകയെന്നും ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെക്കാള്‍ മികച്ച റെക്കോര്‍ഡുള്ളത് ജിതേഷിനാണെന്നും ആകാശ് ചോപ്ര പറഞ്ഞു.
സഞ്ജുവിന് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലാണ് മികച്ച റെക്കോര്‍ഡുള്ളതെന്നും മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ സഞ്ജുവിന്‍റെ പ്രകടനത്തില്‍ വലിയ ഇടിവാണ് കാണുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാകും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക എന്നാണ് കരുതുന്നത്.അതുകൊണ്ട് തന്നെ നാലു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു വിക്കറ്റ് കീപ്പറെയാകും ടീം മാനേജ്മെന്‍റ് ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുക.സ്വാഭാവികമായും മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന ജിതേഷിനാണ് ഇവിടെ സാധ്യതയെന്നും ചോപ്ര വ്യക്തമാക്കി.
ഏഷ്യാ കപ്പ് ടീമില്‍ സഞ്ജുവും ജിതേഷും ടീമിലുണ്ടെങ്കിലും ജിതേഷിനാവും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടുക.ഒന്നു മുതല്‍ മൂന്ന് വരെയുള്ള പൊസിഷനുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ജിതേഷിന് 135 സ്ട്രൈക്ക് റേറ്റും 25 ശരാശരിയും മാത്രമാണുള്ളത്. എന്നാല്‍ നമ്മള്‍ അതിനെക്കുറിച്ച് അധികം ചിന്തിക്കേണ്ട കാര്യമില്ല, കാരണം ആ സ്ഥാനങ്ങളില്‍ ജിതേഷിനെ എന്തായാലും പരിഗണിക്കില്ല. എന്നാല്‍ നാലു മുതല്‍ ഏഴുവരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ജിതേഷിന്‍റെ സ്ട്രൈക്ക് റേറ്റ് 166 ആണ്.
ഈ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള ഒരേയൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷാണ്.അതുകൊണ്ട് തന്നെ ജിതേഷ് തന്നെയാവും നമ്പര്‍ വണ്‍ ചോയ്സ്. മറ്റൊരു സാധ്യത കെ എല്‍ രാഹുലിനാണ്. എന്നാല്‍ ടോപ് ത്രീയില്‍ നന്നായി ബാറ്റ് ചെയ്യുന്ന രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങുമ്പോള്‍ 133 മാത്രമാണ് സ്ട്രൈക്ക് റേറ്റെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!