
ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നേടിയതിന് പിന്നാലെ അനിയൻ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രശസ്തമായ പോസ് അനുകരിച്ച് ക്രുനാൽ പാണ്ഡ്യ. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നിൽ കിരീടവുമായി ഹാര്‍ദിക് പാണ്ഡ്യ ചെയ്ത പോസ് വൈറലായിരുന്നു. ഇതിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ ക്രുനാൽ പാണ്ഡ്യയും ഐപിഎൽ കിരീടവുമായി പോസ് ചെയ്തിരിക്കുന്നത്.
പഞ്ചാബ് കിംഗ്സിനെതിരായ കലാശപ്പോരാട്ടത്തിൽ ക്രുനാൽ പാണ്ഡ്യയുടെ തകര്‍പ്പൻ ബൗളിംഗ് പ്രകടനമാണ് ആര്‍സിബിയുടെ വിജയത്തിന് വഴിയൊരുക്കിയത്. 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങിയ ക്രുനാൽ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. അപകടകാരികളായ പ്രഭ്സിമ്രാൻ സിംഗ്, ജോഷ് ഇംഗ്ലിസ് എന്നിവരെയാണ് ക്രുനാൽ പുറത്താക്കിയത്. ഈ രണ്ട് വിക്കറ്റുകൾ വീണതോടെയാണ് പഞ്ചാബ് പതറിയത്. ഇതോടെ കളിയിലെ താരമായി ക്രുനാൽ പാണ്ഡ്യ തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്ലിന്റെ ചരിത്രത്തിൽ രണ്ട് ഫൈനലുകളിൽ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ആദ്യ താരമായും ക്രുനാൽ മാറി. 2017ൽ മുംബൈ ഇന്ത്യൻസ് കിരീടമുയര്‍ത്തിയപ്പോഴും ക്രുനാലായിരുന്നു കളിയിലെ താരം.
11 വർഷത്തിനുള്ളിൽ പാണ്ഡ്യ കുടുംബത്തിന് ഒമ്പത് ട്രോഫികൾ സ്വന്തമാകുമെന്ന് ഹാര്‍ദിക്കിനോട് താൻ പറഞ്ഞിരുന്നതായി മത്സര ശേഷം ക്രുനാൽ പാണ്ഡ്യ വെളിപ്പെടുത്തി. 2017, 2019, 2020 വര്‍ഷങ്ങളിൽ മുംബൈ ഇന്ത്യൻസിനൊപ്പവും ഈ വര്‍ഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പവുമാണ് ക്രുനാൽ ഐപിഎൽ കിരീടം ചൂടിയത്. അതേസമയം, മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം 2015, 2017, 2019, 2020 വര്‍ഷങ്ങളിലും ഗുജറാത്ത് ടീമിനൊപ്പം 2022ലുമാണ് ഹാര്‍ദിക് പാണ്ഡ്യ ഐപിഎൽ കിരീടം നേടിയത്. 2022ൽ ഹാര്‍ദിക്കായിരുന്നു ഗുജറാത്തിന്റെ നായകൻ.