
മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിനിടെ സ്പിന്നർ കുൽദീപ് യാദവുമായി മൈതാനത്തുണ്ടായ ചൂടേറിയ തർക്കത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. അനായാസ ക്യാച്ച് കുൽദീപ് കൈവിട്ടപ്പോൾ സൂര്യകുമാർ ദേഷ്യത്തോടെ നോക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും, ടീമിനുള്ളിൽ ഭിന്നതയുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം മുൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് സൂര്യകുമാര്‍ യാദവ് ആ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്.
പാകിസ്ഥാനെതിരായ ആ മത്സരത്തിൽ ബൗളിംഗ് അവസരം ലഭിക്കാത്തതിൽ കുൽദീപ് നേരത്തെ തന്നെ കടുത്ത നിരാശയിലായിരുന്നുവെന്ന് സൂര്യകുമാർ പറഞ്ഞു. അക്‌സർ പട്ടേൽ, തിലക് വർമ്മ, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓവറുകൾ നൽകിയെങ്കിലും കുൽദീപിന് ബൗളിംഗ് ലഭിച്ചിരുന്നില്ല. തനിക്ക് എപ്പോള്‍ ബൗളിംഗ് കിട്ടുമെന്ന ചിന്തയിലായിരുന്നു കുല്‍ദീപ്.
ഈ സമയം ലോംഗ് ഓണിൽ ഫീല്‍ഡ് ചെയ്യുമ്പോള്‍ കുൽദീപിന്‍റെ അടുത്തേക്ക് ഒരു അനായാസ ക്യാച്ച് വന്നു. എന്നാൽ വളരെ അലസമായാണ് അവൻ പന്തിലേക്ക് ഓടിയെത്തിയത്. അവന് വേണമെങ്കില്‍ എളുപ്പത്തിൽ എടുക്കാമായിരുന്ന ക്യാച്ചായിരുന്നു അത്. പക്ഷെ അത് അവൻ കൈവിട്ടു. പരമാവധി ശ്രമിച്ച ശേഷമാണ് ക്യാച്ച് പോയതെങ്കിൽ ഞാൻ ക്ഷമിക്കുമായിരുന്നു, എന്നാൽ അവൻ യാതൊരു ശ്രമവും നടത്തിയില്ല. അതാണ് എന്നെ ചൊടിപ്പിച്ചത്- സൂര്യകുമാർ പറഞ്ഞു.
മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയപ്പോൾ രണ്ടുപേരും ദേഷ്യത്തോടെ പരസ്പരം നോക്കിയെന്നും, കുൽദീപ് ദേഷ്യം കൊണ്ട് മുഖം ചുവന്നുതുടുത്ത അവസ്ഥയിലായിരുന്നുവെന്നും സൂര്യകുമാർ വെളിപ്പെടുത്തി. എന്നാൽ സ്ക്രീനിൽ കണ്ടതുപോലെ അത് വലിയ വഴക്കായിരുന്നില്ലെന്നും, തികച്ചും തമാശ രൂപേണയുള്ള നിമിഷമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അഹമ്മദാബാദിൽ വിമാനമിറങ്ങിയ ശേഷമാണ് ഈ സംഭവം ഒരു റീലായി അവതരിപ്പിക്കാൻ തങ്ങള്‍ ഇരുവരും തീരുമാനിച്ചതെന്നും ഇത്തരം തമാശകൾ ടീമിലെ അന്തരീക്ഷം ലഘൂകരിക്കാൻ സഹായിക്കുമെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം ഉയർത്തിയ ആ ലോകകപ്പിന് ശേഷം ഫോമില്ലായ്മ കാരണം സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ പുതിയ ടി20 നായകനായി ബിസിസിഐ തെരഞ്ഞെടുത്തത്.
Suryakumar Yadav and Kuldeep Yadav recreated last night’s post-match drama, adding a touch of humour after the game. pic.twitter.com/8m01nIx5Pj
— Cricketopia (@CricketopiaCom) February 16, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!