ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ സ്കൈ സ്പോർട്സ് ഇമ്രാൻ ഖാന്‍റെ മക്കളായ കാസിം, സുലൈമാൻ എന്നിവരുടെ അഭിമുഖം സംപ്രേഷണം ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

ഇസ്‌ലാമാബാദ്: മുൻ നായകനും 1992-ലെ ലോകകപ്പ് വിജയിയുമായ ഇമ്രാൻ ഖാന്‍റെ ജയിൽവാസത്തെക്കുറിച്ച് താരങ്ങളാരും പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കർശന നിർദ്ദേശം നല്‍കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മൊഹ്‌സിൻ നഖ്‌വി നയിക്കുന്ന പിസിബി മാനേജ്‌മെന്‍റാണ് താരങ്ങൾ രാഷ്ട്രീയപരമായ പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ സ്കൈ സ്പോർട്സ് ഇമ്രാൻ ഖാന്‍റെ മക്കളായ കാസിം, സുലൈമാൻ എന്നിവരുടെ അഭിമുഖം സംപ്രേഷണം ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ആതിഥേയരായ ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിന്ന് ഇമ്രാൻ ഖാനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരാൻ സാധ്യതയുള്ളതിനാലാണ് പിസിബി മുൻകരുതൽ നടപടിയെടുത്തത്.

മത്സരത്തിന്‍റെ രണ്ടാം ദിനം ഉച്ചഭക്ഷണ സമയത്താണ് സ്കൈ സ്പോർട്സ് ഈ അഭിമുഖം പുറത്തുവിട്ടത്. ഇതിനെതിരെ പിസിബി ഔദ്യോഗികമായി പരാതി നൽകിയിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്താൽ താരങ്ങൾ ല‌ഞ്ചിനുശേഷമുള്ള സെഷന്‍ ബഹിഷ്കരിക്കുമെന്ന് പിസിബി ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഇത്തരം വാർത്തകൾ പാക് പരിശീലകൻ സർഫറാസ് അഹമ്മദ് തള്ളി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെ തങ്ങൾ അഭിമുഖത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഉച്ചഭക്ഷണം കഴിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധവും സെപ്റ്റംബർ 2-ന് ചാൾസ് രാജകുമാരൻ പാകിസ്ഥാൻ ടീമിനായി സംഘടിപ്പിക്കുന്ന സ്വീകരണവും കണക്കിലെടുത്താണ് പിസിബി വിഷയത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാതിരുന്നത്. 2023 മുതൽ അഴിമതി, ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തൽ തുടങ്ങിയ കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ഈ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്‍റെ പാർട്ടി ആരോപിക്കുന്നത്. അടുത്തിടെ സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവരുൾപ്പെടെ അന്താരാഷ്ട്ര ഫുട്ബോൾ/ക്രിക്കറ്റ് രംഗത്തെ 21 മുൻ ക്യാപ്റ്റൻമാർ ഇമ്രാൻ ഖാന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തെഴുതിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക