
മുംബൈ: ഐപിഎല്ലിൽ പുത്തൻ നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം കുൽദീപ് യാദവ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റയാൻ റിക്കൽട്ടണെ പുറത്താക്കിയ കുൽദീപ് യാദവ് ഐപിഎൽ കരിയറിൽ 100 വിക്കറ്റുകൾ എന്ന അഭിമാന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
മത്സരത്തിന്റെ 7-ാം ഓവറിലായിരുന്നു കുൽദീപ് 100-ാം ഐപിഎൽ വിക്കറ്റ് വീഴ്ത്തിയത്. കുൽദീപിനെതിരെ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച റിക്കൽട്ടണ് പിഴച്ചു. ഡീപ് സ്ക്വയര്‍ ലെഗിൽ നിലയുറപ്പിച്ച മാധവ് തിവാരിയുടെ ക്യാച്ചിൽ റിക്കൽട്ടൺ പുറത്ത്. ഇതോടെ ഐപിഎല്ലിൽ 100 വിക്കറ്റുകൾ നേടുന്ന 28-ാമത്തെ ബൗളറും 11-ാമത്തെ സ്പിന്നറുമായി കുൽദീപ് മാറി. യുസ്വേന്ദ്ര ചഹൽ, പീയുഷ് ചൗള, സുനിൽ നരെയ്ൻ, രവിചന്ദ്രൻ അശ്വിൻ, അമിത് മിശ്ര, രവീന്ദ്ര ജഡേജ, റാഷിദ് ഖാൻ, ഹര്‍ഭജൻ സിംഗ്, അക്സര്‍ പട്ടേൽ, വരുൺ ചക്രവര്‍ത്തി എന്നിവരാണ് 100 ഐപിഎൽ വിക്കറ്റുകൾ നേടിയിട്ടുള്ള മറ്റ് സ്പിന്നര്‍മാര്‍.
ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ വീഴ്ത്തുന്ന സ്പിന്നര്‍മാരുടെ പട്ടികയിൽ കുൽദീപ് നാലാം സ്ഥാനത്തെത്തി. 83 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റുകൾ വീഴ്ത്തിയ അമിത് മിശ്ര, റാഷിദ് ഖാൻ, വരുൺ ചക്രവര്‍ത്തി എന്നിവരാണ് ഒന്നാം സ്ഥാനത്ത്. 84 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ യുസ്വേന്ദ്ര ചഹൽ രണ്ടാം സ്ഥാനത്തും 86 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റുകള്‍ വീഴ്ത്തിയ സുനിൽ നരെയ്ൻ മൂന്നാം സ്ഥാനത്തുമുണ്ട്. 97-ാം മത്സരത്തിൽ നിന്നാണ് കുൽദീപ് ഈ നേട്ടത്തിലെത്തിയത്. 100 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റുകൾ സ്വന്തമാക്കിയ ഹര്‍ഭജൻ സിംഗാണ് അഞ്ചാം സ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!