ടീമില്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ പോലും വിഷമമില്ല: കുല്‍ദീപ് യാദവ്

By Web TeamFirst Published Apr 5, 2021, 10:47 PM IST
Highlights

ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കുല്‍ദീപ് കളിച്ചു. എന്നാല്‍ തിളങ്ങാന്‍ സാധിച്ചില്ല. ഒരിക്കല്‍ വിരാട് കോലിയുടെ പ്രധാന താരമായിരുന്നു. 

കൊല്‍ക്കത്ത: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ പരമ്പര നേടിയ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു കുല്‍ദീപ് യാദവ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു ഏകദിനത്തില്‍ മാത്രമാണ് കുല്‍ദീപിന് കളിക്കാന്‍ അവസരം കിട്ടിയത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കുല്‍ദീപ് കളിച്ചു. എന്നാല്‍ തിളങ്ങാന്‍ സാധിച്ചില്ല. ഒരിക്കല്‍ വിരാട് കോലിയുടെ പ്രധാന താരമായിരുന്നു. 

എന്നാല്‍ ഐപിഎല്ലില്‍ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ പോലും താരം സ്ഥിരം സാന്നിധ്യമില്ല. കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഒരു അന്താരാഷ്ട്ര ടി20 മത്സരം പോലും കുല്‍ദീപ് കളിച്ചിട്ടില്ല. കൊല്‍ക്കത്തയ്‌ക്കൊപ്പം അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്.

എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും കുല്‍ദീപിനെ അലട്ടുന്നില്ല. ടീമില്‍ ഇടം കിട്ടിയില്ലെങ്കില്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നാണ് കുല്‍ദീപ് പറയുന്നത്. 26-കാരന്‍ തുടര്‍ന്നു... ''ഐപിഎല്ലില്‍ ഏറ്റവും മികച്ച സ്പിന്‍ വകുപ്പുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേത്. സാഹചര്യത്തിനും പിച്ചിനും അനുസരിച്ച് കളിക്കുന്ന ഒരു നിര തന്നെ കൊല്‍ക്കത്തയ്ക്കുണ്ട്. ടീമില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്നുള്ള ഘടകം എന്ന എന്നെ ബാധിക്കുന്നതല്ല. ടീം മാനേജ്‌മെന്റിന് എന്റെ സേവനം ആവശ്യമെങ്കില്‍ അവര്‍ ഉള്‍പ്പെടുത്തും. ടീമില്‍ ഉള്‍പ്പെടാനാണ് ഞാനും ശ്രമിക്കുന്നത്.

ഒരു വ്യക്തി, താരം എന്ന നിലയില്‍ എന്റെ 100 ശതമാനവും നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ടീമിലെ സീനിയര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗുമായി ഞാന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരുന്നത്. രണ്ട് മാസം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരമുണ്ട്. ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച വലിയ താരമാണ് അദ്ദേഹം. ആ പരിചയസമ്പത്ത് എനിക്ക് ഗുണം ചെയ്യും.'' കുല്‍ദീപ് പറഞ്ഞുനിര്‍ത്തി.

click me!