സഞ്ജുവും കിഷനും കാത്തിരിക്കുന്നു; കെ എല്‍ രാഹുലിന് ഇന്ന് അവസാന അവസരമോ ?

By Web TeamFirst Published Jan 12, 2023, 1:35 PM IST
Highlights

ബംഗ്ലാദേശിനെതിരെ രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ നായകന്‍ കൂടിയായിരുന്നു രാഹുല്‍. ശ്രീലങ്കക്കെതിരെ ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നല്ല തുടക്കം കിട്ടിയിട്ടും 39 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി. ഇന്നത്തെ മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ രാഹുലിന് പകരം കിഷനെ പ്ലേയിംഗ് ഇലവനില്‍ ഇറക്കണമെന്ന ആവശ്യത്തിന് ശക്തിയേറും.

കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ശ്രദ്ധാകേന്ദ്രമാകുക വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലുള്ള കെ എല്‍ രാഹുലാവും. യുവതാരങ്ങളായ ഇഷാന്‍ കിഷനും സഞ്ജു സാംസണും അവസരത്തിനായി ടീമിന്‍റെ വാതിലില്‍ മുട്ടുമ്പോള്‍ പ്രതിഭയുണ്ടായിട്ടും ബാറ്റിംഗില്‍ സ്ഥിരത പുറത്തെടുക്കാന്‍ കഴിയാത്ത രാഹുലിനെ എത്രകാലം ടീമില്‍ നിലനിര്‍ത്താനാവുമെന്ന വലിയ ചോദ്യമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്.

റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്ററ്റ് പുറത്തായതോടെ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററാവാനുള്ള മത്സരത്തില്‍ രാഹുലിനൊപ്പമുള്ളത് ഇഷാന്‍ കിഷനും സഞ്ജു സാംസണുമാണ്. ബംഗ്ലാദേശിനെതിരെ കളിച്ച അവസാന ഏകദിനത്തില്‍ അതിവേഗ ഡബിള്‍ സെഞ്ചുറി നേടിയിട്ടും കിഷന് ശ്രീലങ്കക്കെതിരെ നടന്ന തൊട്ടടുത്ത മത്സരത്തില്‍ അവസരം ലഭിച്ചില്ല. കെ എല്‍ രാഹുലില്‍ അവസാനമായി ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിക്കാനായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം.

ബംഗ്ലാദേശിനെതിരെ രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യന്‍ നായകന്‍ കൂടിയായിരുന്നു രാഹുല്‍. ശ്രീലങ്കക്കെതിരെ ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നല്ല തുടക്കം കിട്ടിയിട്ടും 39 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി. ഇന്നത്തെ മത്സരത്തില്‍ കൂടി പരാജയപ്പെട്ടാല്‍ രാഹുലിന് പകരം കിഷനെ പ്ലേയിംഗ് ഇലവനില്‍ ഇറക്കണമെന്ന ആവശ്യത്തിന് ശക്തിയേറും. സ്വാഭാവികമായും മൂന്നാം മത്സരത്തില്‍ രാഹുലിന് പകരം കിഷന്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തുകയും ചെയ്യും.

ഇഷാന്‍ കിഷന്‍റെ സമയം വരും, അവസരം ലഭിക്കും; കാത്തിരിക്കണമെന്ന് സൗരവ് ഗാംഗുലി

കിഷനൊപ്പം ഏകദിന ലോകകപ്പിനുള്ള ടീമിലെത്താനുള്ള മത്സരത്തില്‍  മലയാളി താരം സഞ്ജു സാംസണുമുണ്ട്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്ന സഞ്ജുവിന് പരിക്ക് മൂലം ആദ്യ മത്സരത്തിനുശേഷം പുറത്തുപോവേണ്ടിവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് മികച്ച ബാറ്റിംഗ് ശരാശരിയുമുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കൂടി പരാജയപ്പെട്ടാല്‍ കെ എല്‍ രാഹുലിന് ടീമില്‍ വീണ്ടും അവസരം ലഭിക്കാന്‍ ബുദ്ധിമുട്ടാവുമെന്നാണ് വിലയിരുത്തല്‍.

സ്ഥിരതയില്ലായ്മയാണ് രാഹുലിന്‍റെ പ്രശ്നമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച പന്തുകളിലല്ല രാഹുല്‍ പുറത്താകുന്നതെന്നും മോശം ഷോട്ട് സെലക്ഷനിലൂടെയാണെന്നും അസ്ഹര്‍ പറഞ്ഞിരുന്നു.

ശുഭ്മാന്‍ ഗില്ലിന്‍റെ വരവോടെ ഓപ്പണര്‍ സ്ഥാനം നഷ്ടമായ രാഹുല്‍ ഇപ്പോള്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. കിഷനെ ടീമിലെടുത്താല്‍ വിരാട് കോലിയുടെ മൂന്നാം നമ്പറിലായിരിക്കും കിഷന്‍ ബാറ്റ് ചെയ്യുക എന്നാണ് സൂചന. കോലി നാലാമതെത്തുമ്പോള്‍ ശ്രേയസ് അയ്യരാകും അഞ്ചാം നമ്പറില്‍.

താലിബാന്‍റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധം; അഫ്‌ഗാനെതിരായ പരമ്പരയിൽ നിന്ന് പിൻമാറി ഓസീസ്

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശ്രേയസ് അയ്യര്‍ക്കും ഇന്ന് തിളങ്ങേണ്ടത് അനിവാര്യമാണ്. ടി20 ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവിന് ആദ്യ ഇലവനില്‍ അവസരം നല്‍കാന്‍ കഴിയാത്തത് കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ഇന്ത്യയുടെ ടോപ് സ്കോററായ ശ്രേയസിന്‍റെ സാന്നിധ്യമാണ്. അതുകൊണ്ടു തന്നെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ശ്രേയസിനും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവു.

click me!