ആവേശപ്പോരില്‍ പഞ്ചാബ് വീണു, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്, പ്ലേ ഓഫ് പോരാട്ടം കനക്കുന്നു

Published : May 03, 2026, 11:40 PM IST
Gujarat Titans vs Punjab Kings

Synopsis

164 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഗുജറാത്ത് ഒരു പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി.

അഹമ്മദാബാദ്: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് പഞ്ചാബിനെ നാലു വിക്കറ്റിന് വീഴ്ത്തിയത്. 164 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഗുജറാത്ത് ഒരു പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി. സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിക്കുശേഷം ഗുജറാത്ത് മധ്യനിര പതറിയപ്പോള്‍ 23 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറിന്‍റെ പോരാട്ടമാണ് ഗുജറാത്തിനെ വിജയവര കടത്തിയത്.

5 പന്തില്‍ 8 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അര്‍ഷാദ് ഖാനും ഗുജറാത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുജറാത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയവും പഞ്ചാബിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. തോറ്റെങ്കിലും പഞ്ചാബ് 13 പോയന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 12 പോയന്‍റുള്ള ഗുജറാത്ത് അഞ്ചാമതാണ്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 163-9, ഗുജറാത്ത് ടൈറ്റൻസ് 19.5 ഓവറില്‍ 167-6.

 

മാര്‍ക്കസ് സ്റ്റോയ്നിസ് എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായപ്പോള്‍ യോര്‍ക്കറായിരുന്ന അടുത്ത പന്തില്‍ അര്‍ഷാദ് ഖാന്‍ ബൗണ്ടറി നേടി. രണ്ടാം പന്തില്‍ അര്‍ഷാദ് ഖാന്‍ 2 റണ്‍സെടുത്ത് ലക്ഷ്യം 4 പന്തില്‍ നാലാക്കി കുറച്ചു. അടുത്ത പന്തില്‍ അര്‍ഷാദിന് റണ്ണെടുക്കാനായില്ല. നാലാം പന്തില്‍ ലെഗ് ബൈയിലൂടെ ഒരു റണ്‍സ് നേടിയ അര്‍ഷാദ് ഖാന്‍ വാഷിംഗ്ടണ്‍ സുന്ദറിന് സ്ട്രൈക്ക് നല്‍കി. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 3 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനായി അഞ്ചാം പന്ത് സിക്സിന് പറത്തി സുന്ദര്‍ വിജയം അടിച്ചെടുത്തു. 
 

 

നേരത്തെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ(5) തുടക്കത്തിലെ നഷ്ടമായെങ്കിലും ജോസ് ബട്‌ലറും(26) സായ് സുദര്‍ശനും(41 പന്തില്‍ 57) നടത്തിയ പോരാട്ടമാണ് ഗുജറാത്തിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ബട്‌ലര്‍ പുറത്തായശേഷം നിഷാന്ത് സന്ധു(11 പന്തില്‍ 15), രാഹുല്‍ തെവാത്തിയ(2), ജേസണ്‍ ഹോൾഡര്‍(5) എന്നിവരെ കൂടി നഷ്ടമായതോടെ തോല്‍വി മുന്നില്‍ക്കണ്ടെങ്കിലും സുന്ദറിന്‍റെ പോരാട്ടം ഗുജറാത്തിന് വിജയം സമ്മാനിച്ചു.

നേരത്തെ അഹമ്മദാബാദില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തില്‍ 57 റണ്‍സെടുത്ത സൂര്യാന്‍ഷ് ഷെഡ്ജെ ആണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. മാര്‍ക്കസ് സ്റ്റോയ്നിസ് 31 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ മാര്‍ക്കോ യാന്‍സന്‍ 11 പന്തില്‍ 20 റണ്‍സെടുത്ത് പഞ്ചാബിനെ 150 കടത്തി. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡര്‍ 24 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് 28 റണ്‍സിനും കാഗിസോ റബാഡ 22 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുംബൈയെ വീഴ്ത്തിയതിന് പിന്നാലെ ചെന്നൈക്ക് കനത്ത തിരിച്ചടി, അരങ്ങേറ്റത്തിന് പിന്നാലെ യുവതാരം പരിക്കേറ്റ് പുറത്ത്
ഷെഡ്ജെയും സ്റ്റോയ്നിസും പൊരുതി; ഗുജറാത്തിനെതിരെ പഞ്ചാബിന് ഭേദപ്പെട്ട സ്കോർ, ജയിക്കാൻ 164 റൺസ്