എന്തൊരു അടി! ഇവരെന്തിന് വിരമിച്ചു? ഇനി അടിപ്പൂരം 'കട്ടക്കില്‍', അണിനിരക്കാന്‍ മലയാളികളുടെ സ്വന്തം ശ്രീയും

By Web TeamFirst Published Sep 25, 2022, 10:28 PM IST
Highlights

ദില്ലിയിൽ കഴിഞ്ഞ മത്സരങ്ങൾ മഴകൊണ്ടുപോയതിനാൽ ഭീൽവാര കിംഗ്‌സിനും മണിപ്പാൽ ടൈഗേഴ്‌സിനും നിർണായകമാണ് കട്ടക്കിലെ മത്സരം. ഫസ്റ്റ് ലെഗിലെ തോൽവിക്ക് പകരംവീട്ടാൻ മണിപ്പാലിനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്.

കട്ടക്ക്: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൻറെ കട്ടക്ക് ഘട്ടത്തിന് തുടക്കമാകുന്നു. തിങ്കളാഴ്‌ച ഇർഫാൻ പത്താൻ നയിക്കുന്ന ഭീൽവാര കിംഗ്‌സും ഹർഭജൻ സിംഗിൻറെ മണിപ്പാൽ ടൈഗേഴ്‌സും ഏറ്റുമുട്ടുന്നതോടൊണ് കട്ടക്കിൽ ഇതിഹാസ താരങ്ങളുടെ ക്രിക്കറ്റ് ആവേശം എത്തുക. ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം. കട്ടക്കിലെ മത്സരങ്ങൾ ആരാധകർക്ക് വിരുന്നാകും. വേദി ജോധ്‌പൂരിലേക്ക് മാറുംമുമ്പ് രണ്ട് മത്സരങ്ങൾ കൂടി കട്ടക്കിൽ നടക്കും. 

ദില്ലിയിൽ കഴിഞ്ഞ മത്സരങ്ങൾ മഴകൊണ്ടുപോയതിനാൽ ഭീൽവാര കിംഗ്‌സിനും മണിപ്പാൽ ടൈഗേഴ്‌സിനും നിർണായകമാണ് കട്ടക്കിലെ മത്സരം. ഫസ്റ്റ് ലെഗിലെ തോൽവിക്ക് പകരംവീട്ടാൻ മണിപ്പാലിനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്. ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, എസ് ശ്രീശാന്ത് എന്നിവർ ഭീൽവാര കിംഗ്‌സിലും  ഹർഭജൻ സിംഗ്, മുഹമ്മദ് കൈഫ്, മുത്തയ്യ മുരളീധരൻ തുടങ്ങിയ താരങ്ങൾ മണിപ്പാൽ ടീമിലും അണിനിരക്കും. കട്ടക്കിൽ മഴ കളിക്കില്ലെന്നാണ് ടീമുകളുടെ പ്രതീക്ഷ. 

സീസണിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ രണ്ട് പന്തുകൾ ബാക്കിനിൽക്കേ മൂന്ന് വിക്കറ്റിന് ഭീൽവാര കിംഗ്‌സ് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത മണിപ്പാൽ ടൈഗേഴ്‌സ് 59 പന്തിൽ 73 റൺസെടുത്ത കൈഫിൻറെ കരുത്തിൽ 20 ഓവറിൽ ഏഴ് വിക്കറ്റിന് 153 റൺസ് നേടി. വാലറ്റത്ത് 19 പന്തിൽ 30 റൺസെടുത്ത പർദീപ് സാഹു നിർണായമായി. മറുപടി ബാറ്റിംഗിൽ ഭീൽവാര കിംഗ്‌സ് 19.4 ഓവറിൽ ഏഴ് വിക്കറ്റിന് 156 റൺസെടുത്തു. 28 പന്തിൽ 44 റൺസെടുത്ത യൂസഫ് പത്താനായിരുന്നു ഭീൽവാരയുടെ ടോപ് സ്‌കോറർ.

സ്റ്റാര്‍ സ്പോര്‍ട്സ്, ഡിസ്നി+ഹോട്സ്റ്റാര്‍, ഫാന്‍കോഡ് എന്നിവയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഔദ്യോഗിക സംപ്രേഷകര്‍. വില്ലോ ടിവി, കയോ സ്പോര്‍ട്സ്, ഫോക്സ് ക്രിക്കറ്റ് എന്നിവ യഥാക്രമം യുഎസിലും ഓസ്‌ട്രേലിയയിലും ലീഗിന്‍റെ എക്‌സ്‌ക്ലൂസീവ് ബ്രോഡ്‌കാസ്റ്റ്, സ്ട്രീമിംഗ് പങ്കാളികളാണ്.

മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ എന്നിവര്‍ക്ക് പുറമെ, ടി-20 ഇതിഹാസം ക്രിസ് ഗെയ്ൽ, മിച്ചൽ ജോൺസൺ, ജാക്ക് കാലിസ്, മുത്തയ്യ മുരളീധരൻ തുടങ്ങിയ ഇതിഹാസതാരങ്ങളെല്ലാം ഇത്തവണത്തെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാണ്.

ഇതിഹാസങ്ങളുടെ പോരാട്ടം; ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍

click me!