Legends League Cricket 2022 : സെവാഗ്, യുവി! സിക്സർ വെടിക്കെട്ടിന് ഇന്ത്യ മഹാരാജാസ്; മത്സരം കാണാന്‍ ഈ വഴികള്‍

By Web TeamFirst Published Jan 20, 2022, 9:30 AM IST
Highlights

ഒമാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ മഹാരാജാസ് കന്നി പോരിനിറങ്ങുക

മസ്‍കറ്റ്: ലോക ക്രിക്കറ്റ് ഒരുകാലത്ത് അടക്കിഭരിച്ച വിഖ്യാത താരങ്ങളെ അണിനിരത്തി ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് (Legends League Cricket 2022) ഇന്ന് ഒമാനിൽ തുടക്കമാവുകയാണ്. മൂന്ന് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ മഹാരാജാസും (India Maharajas) ഏഷ്യ ലയണ്‍സും (Asia Lions) തമ്മില്‍ ഏറ്റുമുട്ടും. ആരാധകർക്ക് മത്സരം ടെലിവിഷനിലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും തല്‍സമയം കാണാം. 

ഒമാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ മഹാരാജാസ് കന്നി പോരിനിറങ്ങുക. സോണി ടെന്‍, സോണി ടെന്‍ 1 ചാനലുകളാണ് മത്സരം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. Sony LIV ആപ്ലിക്കേഷന്‍ വഴിയും മത്സരം ഇന്ത്യയിലിരുന്ന് വീക്ഷിക്കാം. ഇന്നത്തെ മത്സരം മാത്രമല്ല, ടൂർണമെന്‍റിലെ എല്ലാ കളികളും ഇന്ത്യന്‍സമയം രാത്രി എട്ടിനാണ് ആരംഭിക്കുന്നത്.  

വീരു നയിക്കും

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളായ വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജൻ സിംഗ് എന്നിവരെ മുൻനിർത്തിയാണ് ഇന്ത്യൻ മഹാരാജ ടീം. സെവാഗാണ് നായകന്‍. അതേസമയം ഏഷ്യ ലയൺസ് ടീമിനായി പാകിസ്ഥാന്‍റെയും ശ്രീലങ്കയുടേയും ഇതിഹാസ താരങ്ങൾ കളത്തിലിറങ്ങും. സനത് ജയസൂര്യ, ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരൻ, തിലകരത്നെ ദിൽഷൻ, മിസ്ബ ഉൾഹഖ് തുടങ്ങിയവരാണ് ടീമിലുള്ളത്. 

ഓസ്ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളിലെ അടക്കം പ്രധാന താരങ്ങളെ ഉൾപ്പെടുത്തി റെസ്റ്റ് ഓഫ് ദ വേൾഡ് ടീമും
മത്സരിക്കും. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസിഡർ.

ഇന്ത്യ മഹാരാജാസ് ടീം: വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജന്‍ സിംഗ്, ഇർഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, ബദ്രിനാഥ്, ആർപി സിംഗ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമന്ദ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗർ, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി. 

Legends League Cricket 2022 : ഇതിഹാസങ്ങളുടെ ക്രിക്കറ്റ് പൂരം ഇന്നുമുതല്‍; ഇന്ത്യ മഹാരാജാസ് രാത്രി കളത്തില്‍

click me!