ആര്യനിൽ നിന്ന് അനയ ആയി മാറിയ ജീവിതം; വിലക്ക് മാറ്റുമോ ഐസിസി, വനിതാ ക്രിക്കറ്റിൽ പരിഗണിക്കണമെന്ന് അഭ്യർഥന

Published : Jun 19, 2025, 06:56 PM IST
anya bangar

Synopsis

ട്രാൻസ്‌ജെൻഡർ ക്രിക്കറ്റർമാരെ പിന്തുണയ്ക്കണമെന്ന് ഐസിസിയോടും ബിസിസിഐയോടും അനയ ബംഗർ അഭ്യർത്ഥിച്ചു. ഹോർമോൺ റീപ്ലേസ്മെന്‍റ് തെറാപ്പിക്ക് ശേഷമുള്ള തന്‍റെ കായിക യാത്രയെക്കുറിച്ചുള്ള റിപ്പോർട്ടും അനയ പങ്കുവെച്ചു. 

മുംബൈ: ട്രാൻസ്‌ജെൻഡർ ക്രിക്കറ്റർമാരെ പിന്തുണയ്ക്കണമെന്ന് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനോടും (ഐസിസി) ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയോടും (ബിസിസിഐ) അഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം സഞ്ജയ് ബംഗറുടെ മകൾ അനയ ബംഗർ. ആര്യൻ എന്ന് മുമ്പ് വിളിച്ചിരുന്ന അനയ, ഹോർമോൺ റീപ്ലേസ്മെന്‍റ് തെറാപ്പിക്ക് (HRT) ശേഷമുള്ള തന്‍റെ കായിക യാത്രയെക്കുറിച്ചുള്ള എട്ട് പേജുള്ള അത്‌ലറ്റ് ടെസ്റ്റിംഗ് റിപ്പോർട്ടും പങ്കുവെച്ചിട്ടുണ്ട്.

താൻ വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ യോഗ്യയാണെന്നാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് അനയ പറയുന്നത്. ഹോർമോൺ റീപ്ലേസ്മെന്‍റ് തെറാപ്പിക്ക് ചെയ്ത് ഒരു വർഷം പൂർത്തിയാക്കിയ ശേഷം മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തിയതെന്നും അനയ വീഡിയോയിൽ പറയുന്നു.

തന്‍റെ പേശീശക്തി, സഹനശേഷി, ഗ്ലൂക്കോസ്, ഓക്സിജൻ നിലകൾ എന്നിവയുടെ ഡാറ്റ ശേഖരിക്കുന്നതിനും, സിസ്ജെൻഡർ വനിതാ കായികതാരങ്ങളുമായി താരതമ്യം ചെയ്യുന്നതിനും യൂണിവേഴ്സിറ്റി ഒരു പരിശോധന നടത്തിയെന്ന് 23 വയസുകാരിയായ അനയ കൂട്ടിച്ചേർത്തു. പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം, ഈ അളവുകളെല്ലാം സിസ്ജെൻഡർ വനിതാ കായികതാരങ്ങളുടെ മാനദണ്ഡങ്ങൾക്കുള്ളിൽ ഒതുങ്ങുന്നതാണ്.

ഒരു ട്രാൻസ് വുമൺ അത്‌ലറ്റ് എന്ന നിലയിലുള്ള തന്‍റെ യാത്ര രേഖപ്പെടുത്തുന്ന ശാസ്ത്രീയ റിപ്പോർട്ട് ആദ്യമായി പങ്കിടുകയാണെന്ന് അനയ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി, ഹോർമോൺ തെറാപ്പി ആരംഭിച്ചതിന് ശേഷം ഞാൻ ഘടനാപരമായ ശാരീരിക വിലയിരുത്തലുകൾക്ക് വിധേയയായി. ഈ റിപ്പോർട്ട് തന്‍റെ മാറ്റത്തിന്‍റെ യഥാർത്ഥവും അളക്കാവുന്നതുമായ സ്വാധീനം രേഖപ്പെടുത്തുന്നു. അഭിപ്രായങ്ങളല്ല, അനുമാനങ്ങളല്ല, ഡാറ്റയാണ് എന്ന അനയ വ്യക്തമാക്കി.

''ശാസ്ത്രം പറയുന്നു ഞാൻ വനിതാ ക്രിക്കറ്റിന് യോഗ്യയാണെന്ന്. ഇപ്പോൾ ചോദ്യം ഇതാണ്, ലോകം സത്യം അംഗീകരിക്കാൻ തയ്യാറാണോ?" അനയ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. നിലവിൽ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റർമാർക്ക് വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ അനുവാദമില്ല. 2023ലെ ക്രിക്കറ്റ് ലോകകപ്പിന് ശേഷം നടന്ന ഐസിസി ബോർഡ് മീറ്റിംഗിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. അനയ കഴിഞ്ഞ വർഷം ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിയും ലിംഗമാറ്റ ശസ്ത്രക്രിയയും പൂർത്തിയാക്കി. നിലവിൽ യുകെയിലാണ് താമസിക്കുന്നത്. ഐസിസിയുടെയും ബിസിസിഐയുടെയും വിഷയത്തിലെ നിലപാട് ഉറ്റുനോക്കുകയാണ് ലോകം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര