
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ 24 റണ്സ് തോല്വിക്ക് പിന്നാലെ ബൗളര്മാരെ കുറ്റപ്പെടുത്തി ക്യാപ്റ്റൻ ശ്രേയസ് അയ്യര്. 248 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതില് ബാറ്റിംഗ് നിര പരാജയപ്പെട്ടെങ്കിലും, ബാറ്റര്മാരുടെ സമീപനത്തിൽ തൃപ്തനാണെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ മത്സരശേഷം വ്യക്തമാക്കി. എന്നാൽ ബൗളർമാർക്ക് ശരിയായ ലൈനിലും ലെങ്തിലും പന്തെറിയാൻ സാധിക്കാത്തതാണ് തോൽവിക്ക് പ്രധാന കാരണമായതെന്ന് മത്സരശേഷം ശ്രേയസ് അയ്യർ പറഞ്ഞു. ഉപ്പൽ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 248 റണ്സിന്റെ റെക്കോര്ഡ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ 19.3 ഓവറിൽ 223 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ജയത്തോടെ വിൻഡീസ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയക്കി.
മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യൻ നായകൻ ബൗളിങ് നിരയുടെ പ്രകടനത്തെ വിമർശിച്ചത്. എല്ലാ പ്രശ്നങ്ങളും ആരംഭിച്ചത് ബൗളിങ്ങിൽ നിന്നാണ്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാൻ ഞങ്ങൾക്ക് സാധിച്ചില്ല. 250 റൺസോളം ചേസ് ചെയ്യുമ്പോൾ കൃത്യമായ പ്ലാനുകളോടെ മാത്രമേ മുന്നോട്ടുപോകാൻ സാധിക്കൂ. എങ്കിലും ബാറ്റര്മാര് പുറത്തെടുത്ത പോരാട്ടവീര്യം പ്രശംസനീയമാണെന്നും അയ്യര് പറഞ്ഞു.
സാഹചര്യങ്ങള്ക്ക് അനുസരിച്ച് മികച്ച രീതിയിൽ പന്തെറിഞ്ഞ വെസ്റ്റ് ഇൻഡീസ് ടീമിനെയും അയ്യർ പ്രശംസിച്ചു. അവർ കൃത്യമായ പ്ലാനിങ്ങോടെ പന്തെറിഞ്ഞു. പിച്ചിന്റെ ആനുകൂല്യം മുതലാക്കാൻ അവർക്കായി. പന്ത് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങുന്നുണ്ടായിരുന്നു. ഫീൽഡിങ് ക്രമീകരണങ്ങളും അവർ നന്നായി ഉപയോഗിച്ചു. അവരുടെ കൃത്യതയ്ക്കുള്ള അർഹിച്ച വിജയമാണിതെന്നും അയ്യര് പറഞ്ഞു. പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിലേക്ക് കടക്കുമ്പോൾ ടീമിന്റെ സമീപനത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും ശ്രേയസ് അയ്യർ വ്യക്തമാക്കി.
സമ്മർദ്ദ ഘട്ടങ്ങളിൽ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കുകയാണ് പ്രധാനം. അതുകൊണ്ട് അവസാന മത്സരത്തിലും ഞങ്ങളുടെ സമീപനം ഇതുതന്നെയായിരിക്കും. മുന്നോട്ട് പോകുമ്പോൾ ബൗളിങ്ങിനെക്കുറിച്ച് അമിതമായി ചിന്തിക്കേണ്ടതില്ല. പ്ലാനുകൾ കൃത്യമായി ഗ്രൗണ്ടില് നടപ്പിലാക്കുക, അവസരങ്ങൾ മുതലാക്കുക എന്നത് മാത്രമാണ് പ്രധാനമെന്നും അയ്യർ പറഞ്ഞു. ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നടക്കുന്ന അഞ്ചാം ടി20 മത്സരത്തില് കടുത്ത പോരാട്ടം പ്രതീക്ഷിക്കാമെന്നും അയ്യർ കൂട്ടിച്ചേർത്തു. .41 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ കീമോ പോളാണ് ഇന്ത്യൻ റൺചേസിന്റെ താളം തെറ്റിച്ചത്. കൃത്യമായ യോർക്കറുകളും വേഗത കുറച്ചുള്ള പന്തുകളും എറിയുക എന്ന ലളിതമായ തന്ത്രമാണ് തങ്ങൾ നടപ്പിലാക്കിയതെന്ന് കീമോ പോൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!