
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടർ സ്ഥാനത്തേക്ക് മുൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ അപേക്ഷ നൽകിയില്ല. വെസ്റ്റ് സോണില് നിന്ന് ഒഴിവുള്ള സെലക്ടര് സ്ഥാനത്തേക്ക് പാര്ത്ഥിവ് അപേക്ഷിക്കുമെന്നായിരുന്നു റിപ്പോര്ട്ടുകള്. എന്നാല് അപേക്ഷ സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള് പാര്ത്ഥിവ് അപേക്ഷ നല്കിയിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള് വ്യക്തമാക്കി. ഇതോടെ നിലവിലെ ഇടക്കാല അധ്യക്ഷനും മുൻ സ്പിന്നറുമായ പ്രഗ്യാൻ ഓജ തന്നെ ഇന്ത്യൻ ടീം ചീഫ് സെലക്ടറായി പൂർണ്ണസമയ ചുമതലയിൽ തുടരാൻ വഴിയൊരുങ്ങി.
വെസ്റ്റ് സോണിൽ നിന്നുള്ള ഒഴിവിലേക്ക് പാർത്ഥിവ് പട്ടേൽ അപേക്ഷിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും ഒക്ടോബർ 14 വൈകുന്നേരം 5 മണി വരെ അദ്ദേഹം അപേക്ഷ നൽകിയിട്ടില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. പാര്ത്ഥിവ് അപേക്ഷിച്ചിരുന്നെങ്കില് കൂടുതല് ടെസ്റ്റ് മത്സരങ്ങള് കളിച്ച താരമെന്ന നിലയില് ചീഫ് സെലക്ടര് സ്ഥാനത്തേക്ക് മുന്ഗണന ലഭിക്കുമായിരുന്നു.
എന്നാല് പാര്ത്ഥിവ് വിട്ടുനിന്നതോടെ 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സൗത്ത് സോൺ പ്രതിനിധിയായ പ്രഗ്യാൻ ഓജയ്ക്ക് സെലക്ഷൻ കമ്മിറ്റി ചെയര്മാനാകുമെന്നുറപ്പായി. നിലവിലുള്ള സെലക്ടർമാരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരിചയമുള്ളത് ഓജയ്ക്കാണ്. ഗുജറാത്ത് ടൈറ്റൻസ് പരിശീലക സംഘത്തിലെ ചുമതലകളും കമന്ററി കരിയറുമായി മുന്നോട്ട് പോകാനാണ് പാർത്ഥിവ് പട്ടേലിന്റെ തീരുമാനം.
അജിത് അഗാർക്കർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് വെസ്റ്റ് സോണിൽ നിന്ന് രമേശ് പവാർ, സമീർ ദിഗെ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്.അപേക്ഷ സമർപ്പിക്കാനുള്ള സമയം ബിസിസിഐ നീട്ടി നൽകുമോ എന്ന് വ്യക്തമല്ല. തീയതി നീട്ടുകയോ പാർത്ഥിവ് തീരുമാനം മാറ്റുകയോ ചെയ്താൽ മാത്രമേ ചീഫ് സെലക്ടര് സ്ഥാനത്ത് മാറ്റമുണ്ടാകു. പ്രഗ്യാൻ ഓജ അധ്യക്ഷസ്ഥാനത്ത് തുടരുന്നതോടെ വരാനിരിക്കുന്ന പരമ്പരകൾക്കുള്ള ടീം തെരഞ്ഞെടുപ്പിൽ ഓജയുട നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തന്നെയായിരിക്കും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!