
മുംബൈ: ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിന്‍റെ പേരില്ലാത്തതിന്‍റെ ഞെട്ടല്‍ ആരാധകര്‍ക്ക് മാറുന്നില്ല. ഫോമിന്‍റെ ഏഴയലത്ത് പോലുമില്ലാത്ത കെ എല്‍ രാഹുല്‍ വരെ ഇടംപിടിച്ച ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത്. പരിക്ക് മാറി ഫിറ്റ്‌നസ് തെളിയിച്ചിട്ടും സഞ്ജുവിനെ സെലക്‌ടര്‍മാര്‍ തഴയുമ്പോള്‍ 2022ലെ താരത്തിന്‍റെ ഏകദിന സ്കോറുകളുടെ കണക്ക് നിരത്തിയാണ് ആരാധകര്‍ ബിസിസിഐക്ക് മറുപടി നല്‍കുന്നത്.
2021ല്‍ ഏകദിനത്തില്‍ അരങ്ങേറിയ സഞ്ജുവിന് ആ വര്‍ഷം ഒരു അവസരം മാത്രമാണ് ഫോര്‍മാറ്റില്‍ ലഭിച്ചത്. ഏകദിന അരങ്ങേറ്റത്തില്‍ അന്ന് ലങ്കയ്‌ക്കെതിരെ 46 റണ്‍സ് നേടി. തൊട്ടടുത്ത വര്‍ഷം 2022ല്‍ 10 മത്സരങ്ങളിലെ ഒൻപത് ഏകദിന ഇന്നിംഗ്‌സുകളില്‍ അഞ്ച് നോട്ടൗട്ടുകള്‍ സഹിതം 284 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. 71 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ 105 സ്ട്രൈക്ക് റേറ്റുണ്ട് താരത്തിന്. 86 ആണ് ഉയര്‍ന്ന സ്കോര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍ സഞ്ജു പേരിലാക്കി. 36, 2*, 30*, 86*, 15, 43*, 6*, 54, 12 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷം സഞ്ജു നേടിയ ഏകദിന സ്കോറുകള്‍. ഇറങ്ങിയ പത്തില്‍ ഒരു മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഏകദിന കരിയറിലാകെ 11 കളികളിലെ 10 ഇന്നിംഗ്‌സുകളില്‍ 66 ശരാശരിയിലും 104 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സ് സഞ്ജുവിനുണ്ട്.
ടി20യില്‍ ടീമില്‍ വന്നുംപോയും ഇരിക്കുകയാണ് സഞ്ജു. 2015ല്‍ അരങ്ങേറ്റം കുറിച്ച താരം 2020, 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇടയ്‌ക്കിടെ നീലക്കുപ്പായമണിഞ്ഞു. പതിനേഴ് മത്സരങ്ങളിലെ 16 ഇന്നിംഗ്‌സുകളില്‍ 301 റണ്‍സ് നേടി. ഉയര്‍ന്ന സ്കോര്‍ 77 എങ്കില്‍ 133.77 എന്ന മികച്ച പ്രഹരശേഷി താരത്തിനുണ്ട്. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കുന്ന പതിവ് ടീം മാനേജ്‌മെന്‍റിനോ സെലക്‌ടര്‍മാര്‍ക്കോ ഇതുവരെയില്ല. രോഹിത് ശര്‍മ്മയും വിരാട് കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന പരമ്പരകളില്‍ രണ്ടാംനിര ടീമിനെ അയക്കുമ്പോള്‍ മാത്രമാണ് സഞ്ജുവിനെ പരിഗണിക്കുന്നത് എന്ന വിമര്‍ശനം ഏറെക്കാലമായി ശക്തമാണ്.
ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിലെ ഏക സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. കെ എല്‍ രാഹുലിനെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തം. സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്ത് കാര്‍ അപകടത്തില്‍ പരിക്കേറ്റ് പുറത്തായതോടെ വിക്കറ്റ് കീപ്പര്‍ ബാറ്ററാവാനുള്ള മത്സരത്തില്‍ കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനും സഞ്ജു സാംസണും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്‍ ബംഗ്ലാദേശിനെതിരെ ഏകദിന ഇരട്ട സെഞ്ചുറി നേടിയത് സഞ്ജുവിന് വലിയ തടസമായി എന്ന വിലയിരുത്തലുകളുണ്ട്. അപ്പോഴും ഫോമിലല്ലാത്ത കെ എല്‍ രാഹുലിനെ ടീം നിലനിര്‍ത്തുന്നതിന്‍റെ യുക്തി ആരാധകര്‍ക്ക് പിടികിട്ടുന്നില്ല.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന-ടി20 പരമ്പരകള്‍ കൂടി നഷ്‌ടമായി. മാത്രമല്ല, കേരളത്തിനായി രഞ്ജി ട്രോഫിയിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയ്ക്കും പരിശീലനത്തിനുമായി എത്തിയ മലയാളി താരം ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചതാണ്. എന്നാല്‍ മടങ്ങിവരവിന്‍റെ എല്ലാ കണക്കുകൂട്ടലും പിഴച്ചതിന്‍റെ അമ്പരപ്പിലാണ് സഞ്ജുവിന്‍റെ ആരാധകര്‍.
ഓസീസിനെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!