ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണെ ടീമിലെടുക്കാത്തതില്‍ ആരാധകരുടെ വ്യാപക പ്രതിഷേധം
മുംബൈ: വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യന്‍ ടീം സെലക്ഷനില്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടിരിക്കുകയാണ്. ഓസ്ട്രേലിയക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ പരിക്ക് മാറി സഞ്ജു തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്‍റെ പേരുണ്ടായിരുന്നില്ല. അതേസമയം ഫോമില്ലായ്‌മയ്ക്ക് രൂക്ഷ വിമര്‍ശനം നേരിടുന്ന കെ എല്‍ രാഹുല്‍ വരെ ടീമില്‍ ഇടംപിടിച്ചു.
ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജു സാംസണിനെ പിന്തുണച്ച് ട്വിറ്ററില്‍ നിരവധി ആരാധകര്‍ രംഗത്തെത്തി. മിക്കവരും ചൂണ്ടിക്കാണിക്കുന്നത് സഞ്ജുവിനെ പുറത്തിരുത്തി രാഹുലിനെ ടീമിലേക്ക് ക്ഷണിച്ച ബിസിസിഐയുടെ നടപടിയാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ സഞ്ജു ബിസിസിഐയുടെ പദ്ധതികളിലില്ലേ എന്ന് ആരാധകര്‍ ചോദിക്കുന്നു. 'സഞ്ജു സാംസണെ ടീമിലെടുക്കൂ എന്ന് 140 കോടി ജനങ്ങള്‍ ആര്‍ത്തുവിളിക്കുമ്പോള്‍ ബിസിസിഐ എപ്പോഴും കേള്‍ക്കുന്നത് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തൂ' എന്നായിരുന്നു ഒരു ആരാധകന്‍റെ പ്രതികരണം.
സഞ്ജു സാംസണെ സെലക്‌ടര്‍മാര്‍ തഴഞ്ഞതിനെ വിമര്‍ശിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. 'ഇതിലും ഭേദം സഞ്ജുവിനെ മറ്റ് ലീഗുകളിലോ രാജ്യത്തിനായോ കളിക്കാന്‍ ബിസിസിഐ അനുവദിക്കുന്നതാണ്, ഏകദിനത്തില്‍ 66 ശരാശരിയും 104 സ്ട്രൈക്ക് റേറ്റുമുള്ള താരം ഇതിനേക്കാളേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്' എന്നായിരുന്നു മറ്റൊരു ട്വീറ്റ്. രാഹുലിന് ഇപ്പോള്‍ കിട്ടുന്ന പിന്തുണ ഒരുകാലത്തും സഞ്ജുവിന് കിട്ടിയിരുന്നില്ല എന്ന് ആരാധകര്‍ വാദിക്കുന്നു. ഓസീസിനെതിരായ ഏകദിന സ്ക്വാഡില്‍ മാത്രമല്ല, അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലും രാഹുലിനെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓസീസിനെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്.
'കെ എല്‍ രാഹുലിന് എന്താ കൊമ്പുണ്ടോ'; ഫോമിലല്ലാഞ്ഞിട്ടും ടീമിലെടുത്ത ബിസിസിഐയെ ട്രോളി ആരാധകര്‍
