
ലഖ്നൗ: വരുന്ന ഐപിഎല്‍ സീസണില്‍ കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പുതിയ രൂപത്തില്‍ കളിക്കാനെത്തു. മാര്‍ച്ച് അവസാനം തുടങ്ങുന്ന അടുത്ത ഐപിഎല്‍ സീസണിലേക്കുള്ള പുതിയ ജേഴ്സി ടീം ഇന്ന് പുറത്തുവിട്ടു. നായകന്‍ കെ എല്‍ രാഹലും ടീം മെന്‍ററായ ഗൗതം ഗംഭീറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്നാണ് പുതിയ നിറത്തിലുള്ള ജേഴ്സി പുറത്തിറക്കിയത്. ടീം അംഗങ്ങളായ ദീപക് ഹൂഡ, ജയദേവ് ഉനദ്ഘട്ട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഐപിഎല്‍ മുന്‍ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്സിന്‍റെ ജേഴ്സിയോട് സാമ്യമുള്ളതാണ് കടുംനീല നിറത്തിലുള്ള പുതിയ ജേഴ്സി. ഇളം പച്ച നിറത്തിലുള്ള ജേഴ്സിയണിഞ്ഞാണ് കഴിഞ്ഞ സീസണില്‍ ലഖ്നൗ കളിക്കാനിറങ്ങിയത്. പഴയ ജേഴ്സിയില്‍ നിന്ന് നിറത്തിലും രൂപത്തിലുമെല്ലാം അടിമുടി മാറ്റവുമായാണ് പുതിയ ജേഴ്സി.
കഴിഞ്ഞ ഐപിഎല്ലില്‍ രാഹുലിന്‍റെ നേതൃത്വത്തിലിറങ്ങിയ ലഖ്നൗ 17 മത്സരങ്ങളില്‍ ഒമ്പത് മത്സരങ്ങള്‍ ജയിച്ച് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. എന്നാല്‍ ക്വാളിഫയറില്‍ ബാംഗ്ലൂരിനോട് തോറ്റ് ലഖ്നൗ ഫൈനലിലെത്താതെ പുറത്തായി.
പുതിയ സീസണിലും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ ബാറ്റില്‍ തന്നെയാണ് ലഖ്നൗവിന്‍റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ. മോശം ഫോമിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമിലെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായ രാഹുലിന് ഐപിഎല്ലില്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ സീസണില് 600ലേറെ റണ്‍സ് നേടിയ രാഹുല്‍ ഈ സീസണിലും മികവ് കാട്ടുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. മാര്‍ച്ച് 31ന് നിലവിലെ ചാമ്പ്യന്‍മാരായ ജുറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്‍ തുടങ്ങന്നത്. ഏപ്രില്‍ ഒന്നിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആണ് ലഖ്നൗവിന്‍റെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!