114-3ല്‍ നിന്നാണ് ഇന്ത്യ 145ന് ഓള്‍ ഔട്ടായത്. എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ ജോ റൂട്ടാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

അഹമ്മാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മറ്റന്നാള്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകാനാരിക്കെ പിച്ച് ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചൊരുക്കിയതിന്‍റെ പഴി കേള്‍ക്കുന്ന ബിസിസിഐ നാലാം ടെസ്റ്റിനും സ്പിന്‍ പിച്ച് തന്നെയാകുമോ തയാറാക്കുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ അഹമ്മദാബാദില്‍ സമീപകാലത്ത് നടന്ന രണ്ട് മത്സരങ്ങളിലും സ്പിന്നര്‍മാരുടെ ആറാട്ടാണ് കണ്ടത്. മൊട്ടേറ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിനും പുനര്‍നാമകരണത്തിനും ശേഷം അഹമ്മദാബാദില്‍ രണ്ട് ടെസ്റ്റുകളാണ് നടന്നത്. രണ്ടും 2021ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലായിരുന്നു. രണ്ട് ടെസ്റ്റിലും ഇന്ത്യ ആധികാരിക ജയം നേടി. 2021 ഫെബ്രുവരിയിലായിരുന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണികളെ ഉള്‍ക്കൊളളാന്‍ കഴിയുന്ന തരത്തില്‍ നവീകരിച്ച സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 112 റണ്‍സില്‍ അവസാനിച്ചു. ആകെ നാലുപേര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ ആറും അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യന്‍ നിരയിലും രണ്ടക്കം കടന്നത് നാലു പേര്‍ മാത്രം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 145 റണ്‍സില്‍ അവസാനിച്ചു. 114-3ല്‍ നിന്നാണ് ഇന്ത്യ 145ന് ഓള്‍ ഔട്ടായത്. എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ ജോ റൂട്ടാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. പക്ഷെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് നിലയുറപ്പിക്കാനായില്ല. മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്ന രണ്ടാ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് പുറത്തായത് വെറും 81 റണ്‍സിന്. അക്സര്‍ അഞ്ചും അശ്വിന്‍ നാലും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമെടുത്തു. വിജയലക്ഷ്യമായ 49 റണ്‍സ് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു. രണ്ട് ദിവസം കൊണ്ടാണ് ടെസ്റ്റ് പൂര്‍ത്തിയായത്.

'ഗില്ലിനേയും രാഹുലിനേയും കളിപ്പിക്കാന്‍ വഴിയുണ്ട്'; രോഹിത്തിനും ദ്രാവിഡിനും പോണ്ടിംഗിന്റെ നിര്‍ദേശം

പരമ്പരയിലെ തന്നെ നാലാം മത്സരവും ഇതേ വേദിയിലായിരുന്നു. മാര്‍ച്ചില്‍ നടന്ന മത്സരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പതിവുപോലെ അക്സറും അശ്വിനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കറക്കിയിട്ടപ്പോള്‍ർ സന്ദര്‍ശകര്‍ 205 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ 146-6ലേക്ക് കൂപ്പുകുത്തിയെങ്കിലും റിഷഭ് പന്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും(101), വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും(96*) അക്സര്‍ പട്ടേലിന്‍റെയും(43) ബാറ്റിംഗ് മികവില്‍ ഇന്ത്യ 365 റണ്‍സടിച്ചു. രണ്ടാം ഇന്നിംഗ്സിലും അശ്വിനും അക്സറിനും മുന്നില്‍ ഇംഗ്ലണ്ട് മുട്ടുകുത്തിയപ്പോള്‍ 135 റണ്‍സില്‍ ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യ ഇന്നിംഗ്സിനും 25 റണ്‍സിനും ജയിച്ചു. അക്സറും അശ്വിനും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ദിവസം മാത്രമാണ് ഈ ടെസ്റ്റ് നീണ്ടത്.