മഴയ്ക്ക് ശേഷം കേരളം - മഹാരാഷ്ട്ര രഞ്ജി ട്രോഫി മത്സരം പുനരാരംഭിച്ചു; 200 റണ്‍സ് പിന്നിട്ട് സന്ദര്‍ശകര്‍

Published : Oct 16, 2025, 12:49 PM IST
maharashtra cotinues to fight against kerala in ranji trophy

Synopsis

മഴയെത്തുടർന്ന് രണ്ടാം ദിനം വൈകി പുനരാരംഭിച്ച കേരളം-മഹാരാഷ്ട്ര രഞ്ജി ട്രോഫി മത്സരത്തിൽ സന്ദർശകർ ഭേദപ്പെട്ട നിലയിൽ. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം - മഹാരാഷ്ട്ര മത്സരം രണ്ടാം ദിനം പുനരാരംഭിച്ചു. മഴയെ തുടര്‍ന്ന് ആദ്യ സെഷന്‍ നഷ്ടമായിരുന്നു. ലഞ്ചിന് ശേഷമാണ് രണ്ടാം ദിനം ആരംഭിച്ചത്. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മഹാരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിട്ടുണ്ട്. വിക്കി ഒസ്ത്വാള്‍ (25), രാമകൃഷ്ണ ഘോഷ് (18) എന്നിവരാണ് ക്രീസില്‍. ആദ്യ ദിനം 59 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നത്. ഏഴിന് 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര ഇന്ന് ബാറ്റിംഗിനെത്തിയത്.

ആദ്യ ദിനം ഒരു ഘട്ടത്തില്‍ അഞ്ചിന് 18 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മഹാരാഷ്ട്രയെ റുതുരാജ് ഗെയ്കവാദിന്റെ (91) ഇന്നിംഗ്സാണ് രക്ഷിച്ചത്. മുന്‍ കേരള താരം ജലജ് സക്സേന 49 റണ്‍സെടുത്തു. നാല് വിക്കറ്റ് നേടിയ നിധീഷ് എം ഡിയാണ് മഹാരാഷ്ട്രയെ തകര്‍ത്തത്. ബേസില്‍ എന്‍ പി രണ്ട് വിക്കറ്റ് വീഴ്ത്തി. തകര്‍ച്ചയോടെയായിരുന്നു മഹാരാഷ്ട്രയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുമ്പെ മൂന്ന് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പൃഥ്വി ഷായെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി നീധീഷ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തില്‍ സിദ്ധേഷ് വീറിനെ (0) ഗോള്‍ഡന്‍ ഡക്കാക്കി.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (0) ബേസിലും മടക്കി. ഇതോടെ റണ്‍സെടുക്കും മുമ്പ് മൂന്ന് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ അങ്കിത് ബാവ്നെ കൂടി പൂജ്യത്തിന് മടങ്ങിയതോടെ അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ബേസിലിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ സൗരഭ് നവാലെ (12) കൂടി മടങ്ങിയതോടെ മഹാരാഷ്ട്രയുടെ നില ദയനീയമായി. നിധീഷിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു നവാലെ. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ റുതുരാജ് - ജലജ് സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു.

ഈ കൂട്ടുകെട്ടാണ് മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് നിന്ന് രക്ഷിച്ചത്. എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പ് ജലജിനെ പുറത്താക്കി, നിധീഷ് കൂട്ടുകെട്ട് പൊളിച്ചു. ചായക്ക് ശേഷം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റുതുരാജിനെ (91) ഏദന്‍ ആപ്പിള്‍ ടോം വീഴ്ത്തിയതോടെ കേരളം വീണ്ടും കളിയുടെ നിയന്ത്രണമേറ്റെടുത്തു. 11 ബൗണ്ടറികള്‍ പായിച്ച ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. നേരത്തെ, ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണും കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലുണ്ട്. മുഹമ്മദ് അസറുദ്ദീനാണ് കേരളത്തെ നയിക്കുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇവലന്‍ അറിയാം.

കേരളം: മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ബാബ അപരാജിത്ത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, അങ്കിത് ശര്‍മ്മ, ഈഡന്‍ ആപ്പിള്‍ ടോം, നെടുമണ്‍കുഴി ബേസില്‍, സല്‍മാന്‍ നിസാര്‍.

മഹാരാഷ്ട്ര: അങ്കിത് ബാവ്‌നെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സൗരഭ് നവലെ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്ത്വാള്‍, സിദ്ധേഷ് വീര്‍, മുകേഷ് ചൗധരി, അര്‍ഷിന്‍ കുല്‍ക്കര്‍ണി, രാമകൃഷ്ണ ഘോഷ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്