
അൽ അമിറാത്ത് (ഒമാൻ): അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ നേപ്പാളും ഒമാനും സ്ഥാനമുറപ്പിച്ചു. ഏഷ്യ-ഇഎപി ക്വാളിഫയറിലെ സൂപ്പർ സിക്സ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നതിന് മുൻപ് തന്നെ ഇരുവർക്കും ലോകകപ്പ് ടിക്കറ്റ് ഉറപ്പായി. ഈ ടൂർണമെന്‍റിൽ നിന്ന് ഒരു ടീമിന് കൂടി ലോകകപ്പ് യോഗ്യത നേടാനാകും. ഇന്ന് നടന്ന മത്സരത്തിൽ യുഎഇ സമോവയെ 77 റൺസിന് തകർത്തതോടെയാണ് നേപ്പാളിനും ഒമാനും ലോകകപ്പ് യോഗ്യത ലഭിച്ചത്.
ആദ്യം ബാറ്റ് ചെയ്ത യുഎഇ 225 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ സമോവയുടെ പോരാട്ടം 148 റണ്‍സിൽ അവസാനിച്ചു. മലയാളിയായി അലിഷാൻ ഷറഫു 51 പന്തിൽ 86 റണ്‍സ് അടിച്ചുകൂട്ടിയതോടെയാണ് യുഎഇ കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. നിലവിൽ സൂപ്പർ സിക്സ് പോയിന്‍റ് പട്ടികയിൽ നാല് പോയിന്‍റുമായി യുഎഇ മൂന്നാം സ്ഥാനത്താണ്. ഒമാനും നേപ്പാളും നെറ്റ് റൺറേറ്റിന്‍റെ മാത്രം വ്യത്യാസത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്. യുഎഇ അടുത്തതായി ഒക്ടോബർ 16ന് ജപ്പാനുമായി നിർണ്ണായക മത്സരത്തിന് ഇറങ്ങും.
നേപ്പാളിന്‍റെ ലോകകപ്പ് പ്രവേശനത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് അവരുടെ റിസ്റ്റ് സ്പിന്നർ സന്ദീപ് ലമിച്ചാനെയാണ്. നാല് ഇന്നിംഗ്സുകളിൽ നിന്ന് 9.40 ശരാശരിയിലും ആറിന് താഴെയുള്ള എക്കണോമി റേറ്റിലും 10 വിക്കറ്റുകളാണ് ലമിച്ചാനെ വീഴ്ത്തിയത്. താരത്തിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് 148 റൺസ് പിന്തുടർന്ന ഖത്തറിനെ 142 റൺസിന് പുറത്താക്കാൻ നേപ്പാളിനെ സഹായിച്ചത്.
ഒമാൻ താരം ജിതേൻ രമണന്ദി ടൂർണമെന്‍റിലെ നാലാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്. നാല് ഇന്നിംഗ്സുകളിൽ നിന്ന് 5.90 എന്ന മികച്ച എക്കണോമിയിൽ ഏഴ് വിക്കറ്റുകളാണ് ഈ ഇടങ്കയ്യൻ പേസർ സ്വന്തമാക്കിയത്. ഏഷ്യ-ഇഎപി ക്വാളിഫയറിന് മുൻപ് ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും വിക്കറ്റുകൾ വീഴ്ത്തി രമണന്ദി ശ്രദ്ധ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!