കെസിഎ-എന്‍ എസ് കെ ടി20 ചാമ്പ്യന്‍ഷിപ്പ്: തൃശൂരിന് തുടര്‍ച്ചയായ മൂന്നാം ജയം, മലപ്പുറം ഇടുക്കിയെ തകര്‍ത്തു

Published : May 19, 2025, 06:24 PM IST
കെസിഎ-എന്‍ എസ് കെ ടി20 ചാമ്പ്യന്‍ഷിപ്പ്: തൃശൂരിന് തുടര്‍ച്ചയായ മൂന്നാം ജയം, മലപ്പുറം ഇടുക്കിയെ തകര്‍ത്തു

Synopsis

കെസിഎ - എന്‍ എസ് കെ ടി20 ചാമ്പ്യന്‍ഷിപ്പില്‍ തൃശൂരിന് തുടര്‍ച്ചയായ മൂന്നാം ജയം. ആലപ്പുഴയെ പത്ത് റണ്‍സിനും ഇടുക്കിയെ ആറ് വിക്കറ്റിനും തോല്‍പ്പിച്ച് യഥാക്രമം തൃശൂരും മലപ്പുറവും വിജയം നേടി.

തിരുവനന്തപുരം: കെസിഎ - എന്‍ എസ് കെ ടി20 ചാമ്പ്യന്‍ഷിപ്പില്‍ വിജയം തൃശൂരിന് തുടച്ചയായ മൂന്നാം വിജയം. ആലപ്പുഴയെ പത്ത് റണ്‍സിനാണ് തൃശൂര്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ മലപ്പുറം ഇടുക്കിയെ ആറ് വിക്കറ്റിന് തോല്‍പിച്ചു. മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇടുക്കി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ക്യാപ്റ്റന്‍ അഖില്‍ സ്‌കറിയയും ജോബിന്‍ ജോബിയും അജു പൌലോസുമാണ് ഇടുക്കിയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ച വച്ചത്. 

അഖില്‍ സ്‌കറിയ 41 പന്തുകളില്‍ അഞ്ച് ഫോറും നാല് സിക്‌സുമടക്കം 61 റണ്‍സെടുത്തു. ജോബിന്‍ ജോബി (28), അജു പൌലോസ് (21) റണ്‍സും നേടി. മലപ്പുറത്തിന് വേണ്ടി മുഹമ്മദ് ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം ഒരോവര്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. വിഷ്ണുവിന്റെയും കാമില്‍ അബൂബക്കറിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് മലപ്പുറത്തിന്റെ വിജയം അനായാസമാക്കിയത്. വിഷ്ണു കെ 37 പന്തുകളില്‍ 60 റണ്‍സും കാമില്‍ അബൂബക്കര്‍ 42 പന്തുകളില്‍ നിന്ന് പുറത്താകാതെ 57 റണ്‍സും നേടി. വിഷ്ണു കെ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തില്‍ ഷറഫുദ്ദീന്റെ ഓള്‍ റൌണ്ട് മികവാണ് തൃശൂരിന് വിജയമൊരുക്കിയത്. 29 റണ്‍സും ആറ് വിക്കറ്റും നേടിയ ഷറഫുദ്ദീന്‍ തന്നെയാണ് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 57 പന്തുകളില്‍ 74 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദാണ് തൃശൂരിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ കൂറ്റന്‍ അടികളിലൂടെ 17 പന്തുകളില്‍ 29 റണ്‍സെടുത്ത ഷറഫുദ്ദീന്റെ ഇന്നിങ്‌സാണ് തൃശൂരിന്റെ സ്‌കോര്‍ 158ല്‍ എത്തിച്ചത്. റിയ ബഷീര്‍ 21 റണ്‍സെടുത്തു. ആലപ്പുഴയ്ക്ക് വേണ്ടി സജേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പുഴയുടെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ മടക്കി ഷറഫുദ്ദീന്‍ തൃശൂരിന് മുന്‍തൂക്കം നല്‍കി. അഗസ്ത്യ ചതുര്‍വേദിയും അഖിലും ചേര്‍ന്ന 74 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ആലപ്പുഴയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ഷറഫുദ്ദീന്‍ എറിഞ്ഞ 16-ാംം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീണത് ആലപ്പുഴയ്ക്ക് തിരിച്ചടിയായി. അഗസ്ത്യയെ ക്ലീന്‍ ബൌള്‍ഡാക്കിയ ഷറഫുദ്ദീന്‍ തന്നെ അഖിലിന്റെ റണ്ണൌട്ടിനും വഴിയൊരുക്കി. തുടര്‍ന്നെത്തിയ പ്രസൂള്‍ പ്രസാദിനെയും വത്സല്‍ ഗോവിന്ദിന്റെ കൈകളില്‍ എത്തിച്ച് ഷറഫുദ്ദീന്‍ കളി തൃശൂരിന് അനുകൂലമാക്കി. 

ഒന്‍പത് പന്തുകളില്‍ 21 റണ്‍സ് നേടി ബാലു ബാബു പുറത്താകാതെ നിന്നെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. വാലറ്റക്കാരെയും ഷറഫുദ്ദീന്‍ തന്നെ മടക്കിയതോടെ 19ആം ഓവറില്‍ 148 റണ്‍സിന് ആലപ്പുഴ ഓള്‍ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീന് പുറമെ രണ്ട് വിക്കറ്റുമായി കിരണ്‍ സാഗറും തൃശൂര്‍ ബൌളിങ് നിരയില്‍ തിളങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി