മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസം യായാ ടൂറെ ഐഎസ്എല്ലിലേക്ക് ?

By Web TeamFirst Published Aug 7, 2020, 11:53 AM IST
Highlights

എന്നാല്‍ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടൂറെ പ്രതിഫലം കുറക്കാന്‍ തയാറാവുമെന്നും 3.75 കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന് കളിക്കാന്‍ തയാറാവുമെന്നും സൂചനകളുണ്ട്.

മുംബൈ: മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ സൂപ്പര്‍ താരം യായാ ടൂറെ ഐഎസ്എല്ലില്‍ പന്ത് തട്ടുമോ. ഇന്ത്യയില്‍ ഐഎസ്എല്ലില്‍ കളിക്കാന്‍ ടൂറെ താല്‍പര്യം പ്രകടിപ്പിതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബാഴ്സലോണയിലും മാഞ്ചസ്റ്റര്‍ സിറ്റിയിലും കളിച്ചിട്ടുള്ള ടൂറെ ഇന്ത്യയില്‍ കളിക്കാനായി പ്രതിഫലം കുറക്കാന്‍ സന്നദ്ധനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഎസ്എല്ലില്‍ കളിക്കാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് ടൂറെയുടെ ഏജന്റുമാര്‍ ഐഎസ്എല്ലിലെ വിവിധ ക്ലബ്ബുകള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ സിറ്റിയില്‍ കളിക്കുന്ന കാലത്ത് ആഴ്ചയില്‍ 2.07 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന ടൂറെയെ ഇന്ത്യയിലെത്തിച്ചാല്‍ നല്‍കേണ്ട വന്‍ പ്രതിഫലം കണക്കിലടെുത്ത് ഐഎസ്എല്‍ ടീമുകളാരും ആദ്യം താല്‍പര്യം  പ്രകടിപ്പിച്ചില്ല. ഒരു സീസണിലേക്ക് 1.5 മില്യണ്‍ (ഏകദേശം 11.25 കോടി രൂപ)യെങ്കിലും പ്രതിഫലമായി നല്‍കണമെന്നായിരുന്നു ടൂറെയുടെ ഏജന്റുമാര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടൂറെ പ്രതിഫലം കുറക്കാന്‍ തയാറാവുമെന്നും 3.75 കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന് കളിക്കാന്‍ തയാറാവുമെന്നും സൂചനകളുണ്ട്. എഫ്‌സി ഗോവയെയും ബംഗലൂരു എഫ്‌സിയെയുമാണ് ടൂറെയുടെ ഏജന്റുമാര്‍ ആദ്യം സമീപിച്ചത്. പ്രതിഫലം കുറക്കാന്‍ തയാറായാല്‍ ടൂറെ ഐഎസ്എല്ലില്‍ പന്തു തട്ടുമെന്നാണ് സൂചന.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി എട്ട് സീസണ്‍ കളിച്ച ടൂറെ മൂന്ന് പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തിലും രണ്ട് ലീഗ് കപ്പിലും ഒരു എഫ്എ കപ്പിലും പങ്കാളിയായി. സിറ്റി വിട്ടശേഷം തന്റെ മുന്‍ ക്ലബ്ബായ ഒളിംപിയാക്കോസിലേക്ക് മടങ്ങിയെങ്കിലും അവിടെ മൂന്ന് മാസം കളിച്ചെ ടൂറെ ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹിച്ചില്ല. തുടര്‍ന്ന് ചൈനയിലെത്തിയ ടൂറെ ക്വിംഗാഡോ ഹുയാങ്കായ്ക്കായി കളിച്ചിരുന്നു. അടുത്തിടെ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ലീഗ് ടീമായ ലെയ്റ്റണ്‍ ഒറിയന്റിന്റെ പരിശീലനത്തിലും ടൂറെ പങ്കെടുത്തിരുന്നു.

click me!