ടി20 ലോകകപ്പില്‍ സിക്‌സര്‍ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ എബിഡി വരുമോ; മറുപടിയുമായി ബൗച്ചര്‍

By Web TeamFirst Published Feb 17, 2020, 1:24 PM IST
Highlights

കഴിഞ്ഞ വര്‍ഷം മെയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച താരം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് വരുന്ന ടി20 ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ച സജീവമാണ്. കഴിഞ്ഞവര്‍ഷം മെയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച താരം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍.

ഡിവില്ലിയേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അദേഹം ലോകകപ്പ് കളിക്കുമോ എന്ന് നമുക്ക് ഉടനറിയാം. ലോകകപ്പിന് പോകുമ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങള്‍ ടീമിലുണ്ടാകണം എന്നാണ് ആഗ്രഹമെന്ന് ദക്ഷിണാഫ്രിക്കന്‍ പരിശീലകനായി ചുമതലയേറ്റ ദിനംമുതല്‍ ഞാന്‍ പറയുന്നതാണ്. ലോകകപ്പ് നേടാന്‍ ഏറ്റവും മികച്ച ടീമിനെ അയക്കുക എന്നതാണ് നയമെന്നും മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. 

എബിഡിയുടെ തിരിച്ചുവരവിന് താന്‍ അനുകൂലമാണെന്ന് ടീം നായകന്‍ ഫാഫ് ഡുപ്ലസിസും നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഡിവില്ലിയേഴ്‌സ് ബിഗ് ബാഷ് ടി20 ടൂര്‍ണമെന്‍റിനിടെയാണ് വ്യക്തമാക്കിയത്. മുപ്പത്തിയാറുകാരനായ ഡിവില്ലിയേഴ്‌സ് 78 ട്വന്റി 20യിൽ നിന്ന് 1672 റൺസെടുത്തിട്ടുണ്ട്. 2017 ഒക്‌ടോബർ 29ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്‌സിന്റെ അവസാന രാജ്യാന്തര ട്വന്റി 20.

Read more: ആരാധകരെ ത്രസിപ്പിക്കാന്‍ തിരിച്ചുവരുമോ; മറുപടിയുമായി എബിഡി

click me!